ചങ്ങലയില്‍ യു എസില്‍ നിന്ന് മടങ്ങിവന്നവര്‍ക്ക് അടുത്ത പ്രഹരം! കള്ളപ്പണത്തിന് ഇഡി അന്വേഷണം

Jaihind News Bureau
Thursday, March 6, 2025

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും ചങ്ങലയിട്ട് ഇന്ത്യയില്‍ തിരിച്ചെത്തിച്ചവര്‍ക്ക് ഇഡിയുടെ വക അടുത്ത പ്രഹരം. പഞ്ചാബ് സ്വദേശികളായ പത്ത് പേര്‍ക്കും ഹരിയാന സ്വദേശിക്കും ഇ ഡി നോട്ടീസ് നല്‍കി. ഇന്ത്യയില്‍ നിന്നും ആളുകളെ ബദല്‍ റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് 11 പേര്‍ക്ക് ഇഡി സമന്‍സ് അയച്ചത്. വിവിധ തീയതികളിലായി ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെന്നും അറിയുന്നു.

യുഎസിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് വിവിധ ട്രാവല്‍ ഏജന്റുമാര്‍ക്ക് എതിരെ 15 കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് 11 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടില്ലെന്നാണ് വിവരം.

വഴി യുഎസിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകളെ തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ മുതല്‍ യുഎസ് യാത്രയ്ക്കിടയിലെ വിവിധ രാജ്യങ്ങളിലെ ദല്ലാളുമാര്‍ വരെ വലിയൊരു സംഘം ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്തില്‍ തുടങ്ങുന്ന യാത്ര പിന്നീട് ബസ്സുകളിലും ബോട്ടുകളിലും തുടരുന്നു. ചില റൂട്ടുകളില്‍ കാല്‍നടയായി കാടുകളും പുഴകളും പിന്നിട്ട് മെക്സികോ വഴി യുഎസിലേക്ക് എത്തുന്നു. യുഎസില്‍ നിന്നും അമൃത്സര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ ഏകദേശം 44 കോടിയിലധികം രൂപയുടെ ഇടപാടാണ് ട്രാവല്‍ ഏജന്‍സികള്‍ മുഖേന നടന്നിട്ടുള്ളത്. യുഎസ് യാത്രക്കായി ഒരു വ്യക്തി ശരാശരി 40-50 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.