അരീക്കോട് പുതുവത്സരം ആഘോഷിക്കാം; വിവാദ ഉത്തരവ് പിന്‍വലിച്ച് പോലീസ്

Jaihind Webdesk
Sunday, December 31, 2023

മലപ്പുറം: മലപ്പുറം അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരം പ്രമാണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.  ഹോട്ടലുകൾ, കൂൾബാർ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ, ടർഫ് ഗ്രൗണ്ടുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കാം. രാത്രി എട്ടുമണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം എന്നായിരുന്നു ആദ്യത്തെ സർക്കുലറില്‍ പോലീസ് പറഞ്ഞിരുന്നത്.

സർക്കുലർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള പുതിയ ഉത്തരവ് പോലീസ് ഇറക്കിയത്. രാത്രി 10മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഏറനാട് മണ്ഡലം പ്രസിഡണ്ട് അൽമോയ റസാഖ് അരീക്കോട് പോലീസ് ഇൻസ്പക്ടർ അബ്ബാസ് അലിയോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമെന്ന ബോധ്യം കൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.