പുതുവത്സരാഘോഷം; തിരക്ക് നിയന്ത്രിക്കാന്‍ ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും, പരിധിക്കപ്പുറം ജനങ്ങളെത്തിയാൽ കടത്തിവിടില്ലെന്ന് പോലീസ്

Jaihind Webdesk
Saturday, December 30, 2023

കൊച്ചി: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമൊരുക്കി കൊച്ചി സിറ്റി പോലീസ്. നാളെ വൈകീട്ട് നാല് മണിയോട് കൂടി ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കുമെന്നും പരിധിക്കപ്പുറം ജനങ്ങളെത്തിയാൽ കടത്തിവിടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

കൊച്ചിയില്‍ പുതുവത്സരം ആഘോഷിക്കാന്‍ ജനം ഒഴുകിയെത്തുകയാണ്. കഴിഞ്ഞവര്‍ഷം പരേഡ് ഗ്രൗണ്ടിലെ തിക്കും തിരക്കും വലിയ സുരക്ഷാ പ്രശ്നമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പരേഡ് ഗ്രൗണ്ടില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളായാല്‍ പിന്നീട് ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്നും സിറ്റി പോലീസ് കമ്മീഷണർ  അറിയിച്ചു.