യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചത്. താത്കാലികമായി നീട്ടിവെച്ച വധശിക്ഷ റദ്ദാക്കാന്‍ സനയില്‍ നടന്ന ഉന്നതതല യോഗം തീരുമാനിച്ചെന്നും, മധ്യസ്ഥ ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനമുണ്ടായെന്നും കാന്തപുരം ഓഫീസില്‍ നിന്ന് വിവരം പുറത്തുവന്നിരുന്നു. കാന്തപുരത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീല്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘവും വടക്കന്‍ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഈ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യെമനിലെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരു സമവായത്തിലെത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദിയും നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും വ്യക്തമാക്കിയിട്ടുണ്ട്. യെമന്‍ നിയമപ്രകാരം, മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത്. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിപ്പുണ്ട് എന്നതിനാല്‍ അവരുടെയെല്ലാം സമ്മതം ഈ വിഷയത്തില്‍ അത്യാവശ്യമാണ്.