‘മുസ്‌ലിം ലീഗിനെതിരെ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം’: കെ സുധാകരന്‍ എംപി

Monday, October 17, 2022

തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്‌ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

മുസ്‌ലിം ലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. മുസ്‌ലിം ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണ്. കോണ്‍ഗ്രസും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളത്. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുസ്‌ലിം ലീഗ് മുന്നണി വിടുമെന്നും യുഡിഎഫ് ദുര്‍ബലമാകുമെന്നും ഉള്ള പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതാണ്. യുഡിഎഫിന്‍റെ കെട്ടുറപ്പിനും മതേതര കേരളത്തിന്‍റെ നിലനില്‍പ്പിനും മുസ്‌ലിം ലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന ഉറച്ച ബോധ്യമുള്ളയാളാണ് താനെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.