ആലപ്പുഴ: കായംകുളത്ത് 22 കാരി ആസിയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പോലീസ് നിഗമനം. പിതാവിന്‍റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നു എന്ന കുറിപ്പും ആസിയ ഇസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നു. ആസിയയുടെ ബന്ധുക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
ഇന്നലെ രാത്രിയാണ് സംഭവം. വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്‍റെയും കായംകുളം സ്വദേശിനി ആസിയയുടെയും വിവാഹം 4 മാസം മുമ്പായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇന്നലെ രാത്രി വീടിന്‍റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ കയർകെട്ട് അഴിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോൾ ആസിയക്ക് ജീവൻ ഉണ്ടായിരുന്നില്ല. വിരൽ അടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
വിവാഹത്തിന് 4 മാസം മുമ്പാണ് ആസിയയുടെ പിതാവ് മരണപ്പെട്ടത്. വിവാഹശേഷവും ഇതിന്‍റെ വലിയ മനോവിഷമത്തിൽ ആയിരുന്നു ആസിയ എന്ന് ബന്ധുക്കൾ പറയുന്നു. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു ആസിയ. ആഴ്ചയിൽ ഒരിക്കൽ ആയിരുന്നു ആലപ്പുഴയിലെ ഭർത്താവ് മുനീറിന്‍റെ വീട്ടിലെത്തിയിരുന്നത്. ഭർത്താവ് മുനീർ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്..
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ആസിയയുടെ ബന്ധുക്കളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അസ്വഭാവിക മരണത്തിന് പോലീസ് എടുത്ത ആലപ്പുഴ സൗത്ത് പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടെങ്കിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്നാണ് അന്വേഷണസംഘം ഇപ്പോൾ അറിയിക്കുന്നത്. ആസിയയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.