സുഹൃത്തുക്കളുടെ വിവാഹ റാഗിങ്: കാന്താരിമുളക് അരച്ചു കലക്കിയ വെള്ളം കുടിച്ച വധുവും വരനും ആശുപത്രിയില്‍

Jaihind News Bureau
Sunday, November 3, 2019

വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടത് വധുവും വരനും ബോധരഹിതരായി ആശുപത്രിയിലായി. കാവുംവട്ടത്ത് നടന്ന വിവാഹ ചടങ്ങിനിടയിലാണ് വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കിയ വെളളം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചത്. താലികെട്ട് കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സുഹൃത്തുക്കൾ ജൂസാണെന്ന് പറഞ്ഞ് കാന്താരി മുളക് അരച്ച് കലക്കിയ കഷായം ഇവർക്ക് നൽകിയത്.

ആദ്യം ഇരുവരും അൽപ്പം കഴിച്ചതിന് ശേഷം വേണ്ടെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കൾ വഴങ്ങിയില്ല. തുടർന്ന് നിർബന്ധത്തിന് വഴങ്ങി കുടിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് ഇരുവരും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. സംഭവം വഷളായതോടെ ഇവരെ വിവാഹ വേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കി.

സംഭവം അറിഞ്ഞ മാധ്യമ പ്രവർത്തകർ രംഗം ക്യാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ വരന്‍റെ ബന്ധുക്കൾ തടയാൻ ശ്രമിച്ചു. എന്നാൽ വധുവിന്‍റെ വീട്ടുകാർ അതിനെ എതിർക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ ആശുപത്രി കാഷ്വാലിറ്റിയിൽ രൂക്ഷമായ വാക്കേറ്റവും നടന്നു.

തുടർന്ന് ബന്ധുക്കൾ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു എങ്കിലും വധുവിനും വരനും പരാതി ഇല്ലെന്ന് എഴുതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിക്കാതെ തിരിച്ചുപോയി.