‘കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സർക്കാർ പരാജയം ; മാധ്യമങ്ങള്‍ സർക്കാരിന് സ്തുതി പാടുന്നു ; ഐ.എന്‍.സി ടി.വി ശബ്ദമില്ലാത്തവരുടെ ശബ്ദമാകും’ : കെ.സി.വേണുഗോപാല്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യാന്‍ പോലും കഴിയാത്ത തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമായി മാറിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിലുള്ള വീഴച്ച്കളും ജനദ്രോഹ നയങ്ങളും ചോദ്യം ചെയ്യുന്നതിന് പകരം രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന്‍റെ വക്താക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ഐ.എന്‍.സി ടി.വിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.സി.യുവും ഓക്‌സിജനും മരുന്നുകളും കിട്ടാതെ ജനങ്ങള്‍ മരിക്കുകയാണ്. രാജ്യതലസ്ഥാനായ ഡല്‍ഹിയിലെ അവസ്ഥ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയേ നല്‍കുന്നേയില്ല. സര്‍ക്കാര്‍ വിലപ്പെട്ട സമയം പാഴാക്കി. വാക്‌സിന്‍ വിതരണകാര്യത്തില്‍പ്പോലും സര്‍ക്കാരിന്‍റെ സമീപനം വിവേചനപരമാണ്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ഥ വിലയിലാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ സമസ്ത മേഖലകളിലും പരാജയമായി മാറിയിരിക്കുകയാണ് സര്‍ക്കാരെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാരിനും രാഷ്ട്രീയ മേഖലയിലും ഒരു തിരുത്തല്‍ ശക്തിയായി നിലകൊണ്ട ചരിത്രമായിരുന്നു ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഭൂരിഭാഗം മാധ്യമങ്ങളും സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ക്കും തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കും കവചമൊരുന്ന നിര്‍ഭാഗ്യ കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. പകര്‍ച്ചവ്യാധിയുടെ സമയത്തുപോലും സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ തുറന്നുകാണിക്കുന്നതിന് പകരം പകരം സ്തുതിപാടുകയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍.

ശബ്ദമാല്ലാത്തവരുടെ ശബ്ദമായി മാറുകയെന്നതാണ് ഐ.എന്‍.സി.ടി.വിയുടെ ലക്ഷ്യമിടുന്നതെന്നും കെ.സി.വേണുഗോപാല്‍ വിശദീകരിച്ചു. എ.ഐ.സി.സി ട്രഷറര്‍ പവന്‍ കുമാര്‍ ബെന്‍സാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസ്, എ.ഐ.സി.സി സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ രോഹന്‍ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Comments (0)
Add Comment