CPM| പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ‘പുതിയ വെര്‍ഷന്‍’; പോലീസ് കാടത്തതിന് സിപിഎം ന്യായീകരണം

Jaihind News Bureau
Saturday, October 11, 2025

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി.ക്ക് പേരാമ്പ്രയില്‍ വെച്ച് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍, കേരളാ പോലീസിനെ ന്യായീകരിക്കുന്ന സി.പി.എം നിലപാട് രാഷ്ട്രീയ-ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മര്‍ദ്ദനം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, സി.പി.എം പോലീസിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്.

ഷാഫി പറമ്പിലിനോട് സി.പി.എമ്മിനുള്ള രാഷ്ട്രീയ ഈര്‍ഷ്യയുടെ പശ്ചാത്തലത്തിലാണ് ഈ പോലീസ് നടപടി വിലയിരുത്തപ്പെടുന്നത്. കെ.കെ. ശൈലജയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതും, ‘കാഫിര്‍’ വിവാദത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് വടകരയിലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഷാഫി നല്‍കിയ തിരിച്ചടിയും ഈ ഈര്‍ഷ്യക്ക് കാരണമാണ്. ഇത്തരം വ്യക്തിപരമായ രാഷ്ട്രീയ വൈരാഗ്യങ്ങള്‍, പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലേക്ക് വഴിവെക്കുകയാണ്.

ആദ്യം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമവും പിന്നീട് പേരാമ്പ്രയിലെ പോലീസ് അതിക്രമവും – ഈ രണ്ട് സംഭവങ്ങളും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പുതിയ പതിപ്പായിട്ടാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. പോലീസ് മര്‍ദ്ദനത്തെ ‘ഷോ’ ആയും ‘കുപ്രചരണ’മായും അവതരിപ്പിക്കാനുള്ള ഇടതുപക്ഷ സമൂഹമാധ്യമങ്ങളുടെ ആദ്യ ശ്രമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പരാജയപ്പെട്ടു. ഇത്, സി.പി.എം. നേതൃത്വത്തിന് പോലീസിനെ ന്യായീകരിക്കാനുള്ള ധൈര്യം നല്‍കുന്നത് എവിടെ നിന്നാണെന്ന ചോദ്യം ഉയര്‍ത്തുന്നു. ജനാധിപത്യത്തില്‍, സാധാരണക്കാരന് സുരക്ഷ നല്‍കേണ്ട പോലീസ് സംവിധാനം, ഭരണകക്ഷിയുടെ രാഷ്ട്രീയ ഉപകരണമായി മാറുകയും ജനപ്രതിനിധികള്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു എന്ന വിമര്‍ശനം ഇതിലൂടെ ശക്തമാവുകയാണ്.