സിറോ മലബാർ സഭയ്ക്ക് പുതിയ ഇടയന്‍; മേജർ ആർച്ച് ബിഷപ്പ് ആയി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു

Jaihind Webdesk
Thursday, January 11, 2024

 

കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് ആയി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന ചടങ്ങിലാണ് മാർ റാഫേൽ തട്ടിൽ ചുമതലയേറ്റത്. സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ കൂടിയായ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യ കാർമ്മികനായിരുന്നു. സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച് ബിഷപ്പാണ് മാർ തട്ടിൽ. മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7-നു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്.

മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടുന്ന സദസ് സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോൾ ജിറെല്ലി, ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പൊലീത്തയും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കർദ്ദിനാൾ ഡോ. ഫിലിപ്പ് നെരി അന്‍റോണിയോ സെബാസ്റ്റ്യാവോ ഡോ. റൊസാരിയോ ഫെറാവോ, മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവാ, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയവരും പങ്കെടുത്തു.

 

https://www.facebook.com/JaihindNewsChannel/videos/761357825863568