ഇടുക്കിയില്‍ നിർമാണപ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണം

Jaihind News Bureau
Thursday, October 3, 2019

ഇടുക്കിയില്‍ വീട് ഒഴികെയുള്ള നിർമാണങ്ങൾക്ക് പട്ടയ ഭൂമിയിൽ സമ്പൂർണ വിലക്ക്. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഈ ഉത്തരവ് മൂലം കൂടുതൽ വഷളാകും. ഉത്തരവ് നിലനിൽകുന്നിടത്തോളം കാലം ഇടുക്കിയിൽ വീടല്ലാതെ മറ്റൊരു നിർമാണ പ്രവർത്തനങ്ങളും ഇനി നടത്താൻ കഴിയില്ല.

ഇടുക്കിയിൽ വീടല്ലാത്ത മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പുതിയ ഉത്തരവിലൂടെ അഴിമതിക്കുള്ള പുതിയ വാതിൽ തുറന്നെന്ന ആക്ഷേപവും ശക്തമാവുകയാണ്. ഏതാവശ്യത്തിനാണ് പട്ടയം അനുവദിച്ചിരിക്കുന്നതെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ കെട്ടിടത്തിനുള്ള അനുമതി ലഭിക്കുകയുള്ളു.

പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനങ്ങൾക്ക് പിന്നാലെ പുതിയ ഉത്തരവും എത്തുന്നതോടെ വെളിവാകുന്നത് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിന്മേൽ മുതല കണ്ണീരൊഴുക്കിയ ഇടതുപക്ഷത്തിന്‍റെ കാപട്യമാണ്.

സംസ്ഥാനത്തെ മറ്റ് പതിമൂന്ന് ജില്ലകളിലുമില്ലാത്ത നിരോധനമാണ് ഇടുക്കിക്ക് മാത്രമായി ഏർപ്പെടുത്തിയത്. ഇതോടെ ജില്ലയിലെ ഉപജീവനമാർഗമടക്കം ഭാവി ജീവിതം സ്തംഭനത്തിലേക്ക് നീങ്ങും. വികസന സംബന്ധമായ യാതൊരു പ്രവർത്തനങ്ങളും ഇനി ജില്ലയിൽ നടപ്പാക്കാനാകില്ല. മുമ്പൊരിക്കലും ഉണ്ടാകാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ ഉത്തരവിലൂടെ ഇടതു സർക്കാർ ജില്ലയിലെ ജനങ്ങളെ തള്ളിവിട്ടിരിക്കുന്നത്.

എൽഡിഎഫിന്‍റെ സഹായത്തോടെ ഇടുക്കിയിൽ നിർമാണ പ്രവർത്തനങ്ങളും ഭൂമി കൈയേറ്റവും നടക്കുമ്പോൾ നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും അനധികൃത നിർമാണങ്ങൾക്ക് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നതാണ് പുതിയ ഉത്തരവ്. നീതീകരണമില്ലാത്ത ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു തുടങ്ങി.

https://www.youtube.com/watch?v=uq4KvSnpj4c