ജയ്ഹിന്ദ് എക്സ്ക്ലൂസിവ് : സർക്കാർ വീണ്ടും നിയമന വിവാദത്തിൽ. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ പുതിയ ജനറൽ മാനേജർ നിയമനവും വിവാദത്തിൽ

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ പുതിയ ജനറൽ മാനേജർ നിയമനവും വിവാദത്തിൽ. കേവലം 8 മാസത്തെ സർവ്വീസ് ഉള്ള വ്യക്തിയെയാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചിരിക്കുന്നത്. സ്ഥിരം നിയമനം നേടിയവർക്കേ ഡെപ്യൂട്ടേഷൻ നൽകാവൂ എന്ന സർവീസ് ചട്ടം ലംഘിച്ചാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജി. എം തസ്തികയിൽ നിയമനം നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജയ്ഹിന്ദ് എക്സ്ക്ലൂസിവ്…

വകുപ്പ് മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധു കെ.ടി. അദീബിന്റെ നിയമനം വിവാദമായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്ക് നടത്തിയ ജനറൽ മാനേജർ നിയമനമാണ് വീണ്ടും വിവാദമായിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ച കെ.എഫ്.സി. മാനേജർക്ക് പൊതുമേഖലയിലെ സർവ്വീസ് കേവലം 8 മാസം മാത്രം. സർവ്വീസ് ചട്ടപ്രകാരം സർക്കാർ, പൊതു മേഖലാ, അർദ്ധ സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജറായി നിയമിക്കാം. കൂടാതെ സമാന തസ്തികയും, ഒരേ സ്ഥാപനത്തിൽ 5 വർഷം ഡെപ്യൂട്ടേഷൻ കാലയളവ് അധികരിക്കരുതെന്നും സർവ്വീസ് ചട്ടത്തിൽ പറയുന്നുണ്ട്. കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദിബിന്റെ വിദ്യഭ്യാസ യോഗ്യത മുതൽ, ജി.എം. തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യതയിൽവരെ ഇളവു വരുത്തിയത് വലിയ വിവാദമായിരുന്നു, 2018 നവംബറിൽ കെ.ടി.അദീബ് രാജി വെച്ചു. ജി.എം. തസ്തികയിലേക്ക് വേണ്ട അടിസ്ഥാന പ്രവർത്തന പരിജയം 3 വർഷമാണ്. 2019 മാർച്ച് 2നായിരുന്നു ജി.എം. തസ്തികയിലേക്ക് അപേക്ഷ നൽകേണ്ട അവസാന തിയ്യതി. ഇപ്പോൾ നിയമനം ലഭിച്ച കേരള ഫിനാൻസ് കോർപ്പറേഷനിലെ മാനേജർ അനീഷ S ന് ഈ സമയം കേവലം 8 മാസത്തെ സർവ്വീസ് മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല, ഇപ്പോഴത്തെ നിയമനം പ്രൊബേഷണൽ കാലയളവാണെന്നു വ്യക്തമാക്കിയാണ് നിയമന ഉത്തരവും ഇവർക്ക് നൽകിയിട്ടുള്ളത്. മാതൃ സ്ഥാപനത്തിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്തു നിയമനം സ്ഥിരപ്പെടുത്തുതിനു മുമ്പ് തന്നെ ഇവരുടെ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ നിയമനം നൽകിയത് ഗുരുത വീഴ്ചയാണ്. കെ.എഫ്.സി.യിൽ നിന്നും എൻ.ഒ.സി. വാങ്ങാതെയാണ് അനീഷ അപേക്ഷ നൽകിയിരുന്നത്. ഇവർ ഇതു വരെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. 22 അപേക്ഷകരിൽ 9 പേരെ ഇൻറർവ്യൂവിനു ക്ഷണിക്കുകയും 5 പേർ പങ്കെടുക്കുകയും ചെയ്തു. ഇവരിൽ ഏറ്റവും ജൂനിയറായ വ്യക്തിക്കാണ് ഇപ്പോൾ നിയമനം നൽകിയിട്ടുള്ളത്.

കെ.ടി.അദീബിന്റെ നിയമന സമയത്ത് അവഗണിക്കപ്പെട്ട ഏറ്റവും യോഗ്യതയുണ്ടായിരുന്ന സഹീർ കാലടി എന്ന ഉദ്യോഗാർത്ഥി രണ്ടാം തവണയും അപേക്ഷ നൽകിയെങ്കിലും, പരിഗണിക്കപ്പെട്ടില്ല. പുതിയ ജി.എം. നിയമനത്തിനു പിന്നിൽ ഉന്നത തലങ്ങളിൽ വലിയ കോഴ ഇടപാട് നടന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മാത്രമല്ല, മൂന്ന് വർഷത്തിനുള്ളിൽ കോർപ്പറേഷനിൽ 30 ഓളം താൽകാലിക നിയമനമാണ് നടന്നിട്ടുള്ളത്. പി. എസ്.സി. മുഖാന്തിരം സ്ഥിരം നിയമനം നടത്തേണ്ട കോർപ്പറേഷൻ ഇതുവരെ ഒരാളെ പോലും PSC വഴി നിയമിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

https://www.youtube.com/watch?v=xvdtBhP5b6Q

Comments (0)
Add Comment