ബി.ജെ.പി വിടുമെന്ന് എം.എല്‍.എയുടെ ഭീഷണി; കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി

Jaihind Webdesk
Saturday, September 28, 2019

yeddyurappa

ബംഗളൂരു: ബെല്ലാരി ജില്ല വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ബി.ജെ.പിയില്‍ പുതിയ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ച് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ച ബി.ജെ.പിക്ക് പുതിയ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന സംശയിത്തിലാണ്. ബല്ലാരി ജില്ല വിഭജിച്ച് വിജയനഗര്‍ ജില്ല രൂപീകരിച്ചാല്‍ പാര്‍ട്ടി വിടുമെന്നാണ് ബി.ജെ.പി എം.എല്‍.എ ജി. സോമശേഖറിന്റെ ഭീഷണി. വിജയനഗര്‍ ജില്ല രൂപീകരിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു.അയോഗ്യനാക്കിയ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യെദിയൂരപ്പ വിജയനഗര്‍ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. അതിനെ ചൊല്ലിയാണ് എം.എല്‍.എയുടെ രാജിഭീഷണി. ഒമ്പത് നിയോജക മണ്ഡലങ്ങള്‍ അടങ്ങുന്ന ജില്ലയാണ് ബെല്ലാരി. ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന്റെ കയ്യിലും നാലെണ്ണം ബി.ജെ.പിയുടെ കയ്യിലുമാണ്.ആരോഗ്യമന്ത്രി ബി. ശ്രീരാമലുവും ജില്ലാ വിഭജനത്തിന് എതിരാണ്.