വീഴ്ചകള്‍ തുറന്നു കാട്ടുന്ന മാധ്യമങ്ങള്‍ക്കെതിരെ സർക്കാർ; വാർത്തകള്‍ വ്യാജമെന്ന് വരുത്തിതീർക്കാന്‍ പി.ആര്‍.ഡിയെ കൂട്ടുപിടിച്ച് പുതിയ നീക്കം; വിവാദം

Jaihind News Bureau
Wednesday, August 19, 2020

 

തിരുവനന്തപുരം : വീഴ്ചകള്‍ തുറന്നു കാട്ടുന്ന മാധ്യമങ്ങളെ ചാപ്പകുത്തുന്ന സര്‍ക്കാര്‍ നീക്കം തുടരുന്നു. സര്‍ക്കാരിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പ്രമുഖ പത്രം  പ്രസിദ്ധീകരിച്ച വാര്‍ത്തയെ വ്യാജ വാര്‍ത്തയെന്ന് പറഞ്ഞ് വിശദീകരണം നല്‍കിയത്. എന്നാല്‍ പി.ആര്‍.ഡിയുടെ അവകാശവാദം തെളിവുകളോടെ ലേഖകന്‍ പൊളിച്ചപ്പോള്‍ പി.ആര്‍.ഡി വിഭാഗം ഫാക്ട് ചെക്ക് വാര്‍ത്ത പിന്‍വലിച്ചു. ഈ നടപടിയാണ് ഇപ്പോള്‍ വിവാദമായത്.

സര്‍ക്കാരിനെതിരെ നിരന്തരമായി വാര്‍ത്തകള്‍ പുറത്ത് വരുന്ന ഘട്ടത്തിലാണ് സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ക്ക് പിന്നാലെ പി.ആര്‍.ഡിയും സര്‍ക്കാരിനെ വെള്ളപൂശാനായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.  ഒ.എം.ആര്‍ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍നിന്ന് നഷ്ടമായെന്നായിരുന്നു വാര്‍ത്ത. പ്രധാന രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ പ്രസിലെ ജീവനക്കാരനായ വി.എല്‍ സജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയിലെ ഒ.എം.ആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടതായും സസ്പന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ യഥാര്‍ഥ്യം പോലും മറച്ചു കൊണ്ടാണ് പി.ആര്‍.ഡി ഫാക്ട് ചെക്ക് ഡിവിഷന്‍ പത്രത്തിന്‍റെ വാര്‍ത്ത വ്യാജമെന്ന് മുദ്രകുത്തി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്.

അച്ചടി വകുപ്പ് ഡയറക്ടറുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത എന്ന നിഗമനത്തിലേക്ക് പി.ആര്‍.ഡി എത്തിച്ചേര്‍ന്നത്. വാര്‍ത്ത നല്‍കിയ ലേഖകന്‍ തന്‍റെ കൈവശമുള്ള ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയതോടെ മണിക്കൂറുകള്‍ക്കുശഷം പി.ആര്‍.ഡി യുടെ പോസ്റ്റ് ഫാക്ട് ചെക്ക് ഡിവിഷന്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍നിന്ന് ഒ.എം.ആര്‍ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പ്രസിലെ ജീവനക്കാരനായ വി.എല്‍ സജിക്കെതിരെ പൊലീസ് കേസെടുത്തു. അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ നശിപ്പിച്ചതിനും വിശ്വാസവഞ്ചനയ്ക്കുമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാരോപിച്ച് പത്രക്കുറപ്പിറക്കിയ അച്ചടിവകുപ്പ് ഡയറക്ടര്‍ എസ് ജയിംസ് രാജ് തന്നെയാണ് ഈ മാസം 13 ന് പരാതിയുമായി കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ആരോപണത്തിന്‍റെ നിഴലിലായശേഷം സര്‍ക്കാറുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച വാര്‍ത്തകളോട് അസഹിഷ്ണുതയോടെയാണ് സര്‍ക്കാറും സി.പി.എം അനുകൂല അണികളും പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു.