പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും

Jaihind Webdesk
Friday, December 29, 2023

 

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. പോര് തുടരുന്നതിനിടെ ഗവർണറും മുഖ്യമന്ത്രിയും മുഖാമുഖം എത്തുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം. ഗതാഗതത്തിന് പുറമെ സിനിമാ വകുപ്പ് കൂടി കേരള കോണ്‍ഗ്രസ് ബി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഗണേഷും രാമചന്ദ്രന്‍ കടന്നപ്പള്ളിയും എത്തുന്നത്. വൈകിട്ട് നാല് മണിക്ക് രാജ് ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വച്ച് ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരിടവേളയ്ക്ക് ശേഷം ഒരേ വേദിയില്‍ എത്തുന്നത്. അതിനിടെ ചടങ്ങിനായി ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാട്ടിയിരുന്നു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപമായിരുന്നു പ്രതിഷേധം.