പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Jaihind News Bureau
Sunday, December 21, 2025

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കോർപ്പറേഷനുകളിൽ രാവിലെ 11.30-നായിരിക്കും സത്യപ്രതിജ്ഞ. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ഇതിനുശേഷം മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും കളക്ടർമാർ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ അതത് വരണാധികാരികൾക്കാണ് ഇതിന്റെ ചുമതല. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്, ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും ഭരണസ്തംഭനം ഒഴിവാക്കാൻ ഇന്ന് തന്നെ സത്യപ്രതിജ്ഞ നിശ്ചയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ ഭരണസമിതികളുടെ ആദ്യ യോഗവും ഇന്ന് തന്നെ നടക്കും.

തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ നടക്കും. നഗരസഭാ അധ്യക്ഷന്മാരുടെയും (ചെയർപേഴ്സൺ) കോർപ്പറേഷൻ മേയർമാരുടെയും തിരഞ്ഞെടുപ്പ് ഡിസംബർ 26-ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 27-നായിരിക്കും നടക്കുക. അതേസമയം, തിരുവനന്തപുരത്തും കൊച്ചിയിലും മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാനവ്യാപകമായി ഇന്ന് ചടങ്ങുകൾ നടക്കുമ്പോൾ, മലപ്പുറം ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് സത്യപ്രതിജ്ഞ ഉണ്ടാകില്ല. ഈ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാലാണിത്. മലപ്പുറത്തെ ഈ വാർഡുകളിൽ ഡിസംബർ 22-നും അതിനുശേഷമുള്ള തീയതികളിലുമാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.