ദുബായ് പ്രിയദര്‍ശിനിക്ക് പുതിയ നേതൃത്വം; ഇനി ബാബു പീതാംബരന്‍ നയിക്കും

JAIHIND TV DUBAI BUREAU
Tuesday, February 21, 2023

 

ദുബായ്: പ്രമുഖ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനി വോളന്‍ററിംഗ് ടീമിന് പുതിയ നേതൃത്വമായി. പ്രവാസ ലോകത്ത് 41 വര്‍ഷം പിന്നിട്ട കൂട്ടായ്മയാണിത്. കണ്ണൂര്‍ മമ്പറത്തിന് സമീപം കോട്ടം സ്വദേശി ബാബു പീതാംബരന്‍ ആണ് പുതിയ പ്രസിഡന്‍റ്. കണ്ണൂര്‍ രാമന്തളി സ്വദേശി മധു നായര്‍ ജനറല്‍ സെക്രട്ടറി. ട്രഷററായി കോഴിക്കോട് സ്വദേശി ടി.പി അഷ്റഫിനെ നിയമിച്ചു. നേരത്തെ പ്രസിഡന്‍റായിരുന്ന ആലപ്പുഴ സ്വദേശി സി മോഹന്‍ദാസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ബാബു പീതാംബരൻ പ്രസിഡന്‍റായത്.

മറ്റ് ഭാരവാഹികള്‍: തൃശൂര്‍ സ്വദേശി അനീസ് മുഹമ്മദ് (വൈസ് പ്രസിഡന്‍റ്), പത്തനംതിട്ട സ്വദേശി ശ്രീജിത്ത് രാഘവന്‍, തൃശൂര്‍ സ്വദേശി ഡിസ ജോസ് ചെമ്മണ്ണൂര്‍ (സെക്രട്ടറിമാര്‍), തൃശൂര്‍ സ്വദേശി ടോജി മുല്ലശേരി (ജോയിന്‍റ് ട്രഷറര്‍), കോഴിക്കോട് സ്വദേശി രഞ്ജിത്ത് ബാലന്‍ (കലാ സാഹിത്യ വിഭാഗം സെക്രട്ടറി), കോഴിക്കോട് സ്വദേശി ശങ്കര നാരായണന്‍ (സാംസ്‌കാരിക സെക്രട്ടറി), കണ്ണൂര്‍ സ്വദേശി ഹാരിസ് അഞ്ചാംപീടിക (സ്‌പോര്‍ട്‌സ് സെക്രട്ടറി).

ദുബായ് ഗവണ്‍മെന്‍റിന് കീഴിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (സിഡിഎ) അനുമതിയോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്‍റുമാരായ എന്‍.പി രാമചന്ദ്രന്‍, ബി പവിത്രന്‍, വെങ്കിട് മോഹന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.