കോണ്‍ഗ്രസിന് പുതിയ നേതൃത്വം. കെപിസിസി പ്രസിഡന്റായി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎല്‍എ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. എപി അനില്‍ കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റു. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും സ്ഥാനമേറ്റു. കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്.
തികഞ്ഞ പ്രതീക്ഷയിലും സന്തോഷത്തിലുമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ബ്രിട്ടീഷുകാരുടെ ആശയമാണ് ഭിന്നിപ്പിപ്പിച്ചു ഭരിക്കുക എന്നത്. ഇതു തന്നെയാണ് ബിജെപി ഇന്ന് ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഈ നയത്തെ ഫലപ്രദമായി നേരിടാനാവുന്നത് കോണ്‍ഗ്രസിനു മാത്രമാണെന്ന് അദ്ദേഹം പഞ്ഞു. പിണറായി ഭരണം അവസാനിപ്പിക്കണമെന്ന് പറയാന്‍ കാരണം അഴിമതി മാത്രമല്ല. കണ്ണൂരില്‍ ഇപ്പോഴും ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റായി അഡ്വക്കേറ്റ് സണ്ണി ജോസഫ് ഔപചാരികമായി ചുമതലയേറ്റതോടെ കെപിസിസി അധ്യക്ഷന്റെ കസേരയില്‍ സ്ഥാനമൊഴിയുന്ന കെ സുധാകരന്‍ സണ്ണി ജോസഫിനെ ഉപവിഷ്ടനാക്കി. മുന്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും യുഡിഎഫ് കണ്‍വീനറിനും മധുരം വിതരണം ചെയ്തു
കേരളത്തിലെ ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു. ഭരണമാറ്റം ഉണ്ടാക്കാനുള്ള പ്രയാണം തുടരുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഒരുമിച്ചി നിര്‍ത്തി. ഏറ്റവും ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍ര് എപി അനില്‍ കുമാര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.മൂവരും പുതിയ സ്ഥാനമേറ്റ ശേഷം സംസാരിക്കുകയായിരുന്നു.