പുതിയ നിയമങ്ങൾ നിലവിൽ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ

Jaihind Webdesk
Monday, July 1, 2024

 

മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്ഐആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ തയ്യാറാക്കിയത്. അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ് കേസ്.

ഇന്ന് മുതലുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുമ്പുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ നിയമത്തിന്‍റെ കരട് അവതരിപ്പിച്ചത്.