തൃശൂർ സുവോളജിക്കല്‍ പാർക്കിലെ നവകേരള സദസ് തടയണം; പ്രധാനമന്ത്രിക്ക് കത്ത്

Jaihind Webdesk
Thursday, November 23, 2023

 

തൃശൂർ: ഡിസംബർ അഞ്ചിന് പുത്തൂരിലെ പുതിയ സുവോളജിക്കൽ പാർക്കിൽ സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ് തടയണമെന്നും സർക്കാരിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത്.  അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് നവകേരള സദസ് സുവോളജിക്കല്‍ പാർക്കില്‍ നടത്തുന്നതില്‍ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

വന്യജീവികളുടെ സംരക്ഷണവും പരിസ്ഥിതിക സന്തുലിതാവസ്ഥയും കണക്കിലെടുക്കണമെന്നാണ് ആവശ്യം. നവകേരള സദസിന്‍റെ ഭാഗമായുണ്ടാകുന്ന ആള്‍ക്കൂട്ടവും ശബ്ദവും ജീവികളുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്ന് കത്തില്‍  ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇത്തരമൊരു സമ്മേളനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളും പാർക്കിനെ ദോഷകരമായി ബാധിക്കും. അനാവശ്യമായ ശല്യങ്ങളും പാരിസ്ഥിതിക അപകടങ്ങളും ഇല്ലാതെ വന്യജീവികളുടെ സങ്കേതമായി ഇത്തരമൊരു സുവോളജിക്കൽ പാർക്ക് നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. അതിനാല്‍ സുവോളജിക്കല്‍ പാർക്കില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നവകേരള സദസ് തടയണമെന്ന് ഷാജി എം. കോടങ്കണ്ടത്ത് കത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്‍റെ പകർപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കേരള വനം മന്ത്രിക്കും ഉള്‍പ്പെടെയുള്ളവർക്കും അയച്ചിട്ടുണ്ട്.