നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി. 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കൊച്ചി ഫൈനലില്‍ നേടിയത്. കൊച്ചിയുടെ കന്നി കിരീട നേട്ടമാണിത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം വെറും 106 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നേടിയ ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ (70 റണ്‍സ്) വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 30 പന്തില്‍ 4 സിക്‌സും 9 ഫോറും സഹിതം താരം 70 റണ്‍സ് നേടി. എന്നാല്‍, 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായി. പിന്നീട് ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ (47 റണ്‍സ്, പുറത്താകാതെ) മികച്ച പ്രകടനമാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 25 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതമാണ് ആല്‍ഫി 47 റണ്‍സ് നേടിയത്. ഏരീസ് കൊല്ലത്തിനായി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
വിജയം തേടിയിറങ്ങിയ ഏരീസ് കൊല്ലത്തിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 9-ാം സ്ഥാനത്തിറങ്ങിയ വിജയ് വിശ്വനാഥ് (23 റണ്‍സ്) മാത്രമാണ് കൊല്ലം നിരയില്‍ പൊരുതിയത്. സച്ചിന്‍ ബേബി 17 റണ്‍സെടുത്തു. കൂറ്റന്‍ അടിക്കാരനായ വിഷ്ണു വിനോദ് 10 റണ്‍സെടുത്ത് പുറത്തായതും ടീമിന് തിരിച്ചടിയായി. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. വെറും 16.3 ഓവറില്‍ ഏരീസ് കൂടാരം കയറി.
കൊച്ചിക്കായി ജെറിന്‍ പി.എസ് 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ സാലി സാംസണ്‍, കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. മുഹമ്മദ് ആഷിഖ് 1.3 ഓവറില്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായി യു.എ.ഇ.യിലേക്ക് പറന്നതിനാല്‍ ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ് സാധിച്ചില്ല. എന്നാല്‍, ടൂര്‍ണമെന്റിലുടനീളം ഒരു സെഞ്ച്വറി ഉള്‍പ്പെടെ മിന്നും ബാറ്റിങ് പുറത്തെടുത്ത സഞ്ജുവിന്റെ പ്രകടനം ടീമിന് ഫൈനലിലേക്ക് മുന്നേറാന്‍ കരുത്തായി.