കൊവിഡിനൊപ്പം ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും… കോഴിക്കോട് ജാഗ്രത… ആരോഗ്യ വകുപ്പിന് കനത്ത വെല്ലുവിളി

Jaihind News Bureau
Saturday, April 18, 2020

കോഴിക്കോട് ജില്ലയില്‍ കൊവിഡിനൊപ്പം ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും പടരുന്നു. ജില്ലയില്‍ ആറിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. നൂറിലേറെ അളുകള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.

ജില്ലയിലെ താമരശ്ശേരി കുന്ദമംഗലം മേഖലയിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇവിടെയുള്ള വിവിധ വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 119 പേരിലാണ് രോഗം സ്ഥീരികരിച്ചത്.
വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നു പിടിച്ചതെന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ഒരു മാസത്തിനിടിയില്‍ പത്തിലധികം പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.
സാധാരണ ഏപ്രില്‍ പകുതിയോടെയാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.

ഈ സാഹചര്യത്തില്‍ പരിസര ശുചീകരണത്തിന് പ്രധാന പരിഗണന നല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധനത്തിനും സമയം കണ്ടെത്തണമെന്ന വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ വീട്ടില്‍ കഴിയുന്നവരുടെ സേവനം കൂടി ലഭ്യമാകുവാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.