സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം പണിയുന്നു ; സ്ഥലം വാങ്ങിയത് ആറര കോടി രൂപയ്ക്ക്

Wednesday, October 6, 2021

തിരുവനന്തപുരം : കേരളത്തില്‍ സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നു. നിലവില്‍ പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയം എകെജി സെന്‍ററിന് എതിർവശത്തെ 32 സെന്‍റ് സ്ഥലം വാങ്ങി. 6.4 കോടി രൂപയാണ് പ്രമാണത്തില്‍ രേഖപ്പെടുത്തിയത്. രൂപരേഖ തയാറാക്കി ഉടന്‍ നിർമാണം തുടങ്ങുമെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസില്‍ 2391/2021 നമ്പറില്‍ കഴിഞ്ഞ മാസം 25 നാണ് സ്ഥലം രജിസ്റ്റർ ചെയ്യതത്.  ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരില്‍ നിന്നായാണ് 31.95 സെന്‍റ് സ്ഥലം വാങ്ങിയത്. എകെജി സെന്‍ററിലായിരുന്നു രജിസ്ട്രേഷന്‍ നടപടികള്‍. എകെജി സെന്‍ററിന് മുന്നില്‍ നിന്ന് എംജി റോഡിലെ സ്പെന്‍സർ ജംഗഷനിലേക്കുള്ള ഡോ എന്‍എസ് വാരിയർ റോഡിന്‍റെ വശത്താണ് പുതിയ സ്ഥലം. പാർട്ടി നേതാക്കള്‍ താമസിക്കുന്ന ഫ്ളാറ്റും ഇതിനടുത്താണ്.

സർക്കാർ പതിച്ചു നല്‍കിയ ഭൂമിയില്‍ എകെജി സെന്‍റർ പ്രവർത്തിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെ ആന്‍റണി മുഖ്യമന്ത്രി ആയിരിക്കെ 1977 ലാണ് കേരള സർവകലാശാലാ വളപ്പില്‍ നിന്ന് 34.4 സെന്‍റ് സ്ഥലം എകെജി സ്മാരകത്തിനായി പതിച്ചു നല്‍കിയത്. പിന്നീട് സർവകലാശാലയും 15 സെന്‍റ് നല്‍കി. സർവകലാശാലയുടെ സ്ഥലം കയ്യേറിയെന്ന ആരോപണം നിയമസഭയില്‍ വരെ ഉയർന്നു.  എന്നാല്‍ എകെജി സെന്‍റർ പാർട്ടി ആസ്ഥനമായി ഉപയോഗിക്കുന്നത് നിയമപ്രകാരമാണെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.