ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പുതിയ തലവനായി; ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

Jaihind Webdesk
Thursday, October 31, 2024

കോട്ടയം: സീറോ മലബാര്‍ സഭക്ക് കീഴിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് മെത്രാപ്പോലീത്ത ആയി മാര്‍ തോമസ് തറയില്‍ ചുമതലയേറ്റു. മാര്‍ തോമസ് തറയില്‍ അറിയപ്പെടുന്നത് നിര്‍ഭയമായി നിലപാടുകള്‍ പറയാന്‍ മടിക്കാത്ത സഭാ നേതാവായാണ്. അദ്ദേഹത്തിന്റെ മാധ്യമ വിമര്‍ശനങ്ങളും ശ്രദ്ധേയമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മാര്‍ തോമസ് തറയില്‍ നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്.

സീറോ മലബാര്‍ സഭക്ക് കീഴിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് മെത്രാപ്പോലീത്ത ആയാണ് മാര്‍ തോമസ് തറയില്‍ ചുമതല ഏറ്റത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് ഹൗസില്‍ നിന്നു രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നു ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു.

തുടര്‍ന്ന് ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു. പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞ് മാര്‍ തോമസ് തറയിലിനെ മദ്ബഹയില്‍ ഉപവിഷ്ടനാക്കി.. ആദര സൂചകമായി ദേവാലയമണികള്‍ മുഴക്കി ആചാരവെടികളും ഉയര്‍ന്നു

പ്രായത്തില്‍ താരതമ്യേന ചെറുപ്പക്കാരനായ മാര്‍ തോമസ് തറയില്‍ (52) 2017ലാണ് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായത്. ഏഴ് വര്‍ഷം കൊണ്ട് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമനം ലഭിക്കുന്നത് അപൂര്‍വതയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത. സീറോ മലബാര്‍ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നുമാണ്.

ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 2000ല്‍ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.