ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വർഷം : കൂടിയ നികുതി നിലവില്‍ വന്നു

Jaihind Webdesk
Friday, April 1, 2022

ന്യൂഡല്‍ഹി : കേന്ദ്ര സംസ്ഥാന ബജറ്റുകള്‍  പ്രകാരമുള്ള നികുതി ഫീസ് വര്‍ധിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു.

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഇന്നലെ തന്നെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് മുതല്‍ ഭൂമി ഇടപാടുകള്‍ക്ക് പുതിയ നികുതി നിരക്കുകളാണ് നല്‍കേണ്ടേി വരിക. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ ഉപയോക്താക്കള്‍ക്കെല്ലാം കുടിവെള്ളത്തിന്റെ ഉപയോഗത്തിന് 5 % വര്‍ധനയുണ്ടാവും. ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കുള്ള ഫിക്‌സഡ് നിരക്കും സുവിജ് നിരക്കും നഗര ഗ്രാമീണ പ്രദേശങ്ങളിലെ പൊതു ടാപ്പുകള്‍ക്കുള്ള നിരക്കുകളിലും വര്‍ദ്ധനയുണ്ട്. ബിപിഎല്‍ വിഭാഗത്തിനു മുമ്പത്തേതു പോലെ സൗജന്യം ലഭിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു പ്രതിമാസം പതിനായിരം ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിന് മിനിമം നിരക്ക് 4.41 രൂപയാകും. 1000 മുതല്‍ 5000 ലീറ്റര്‍ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 22.05 രൂപയാകും.

ഇന്ന് മുതല്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഹരിതനികുതി നല്‍കേണ്ടി വരും. പഴയ വാഹനങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ച ഹരിത നികുതിയും നല്‍കണം. 15 വര്‍ഷത്തിനു ശേഷമുള്ള  പഴയ സ്വകാര്യ വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള ഓരോ 5 വര്‍ഷത്തില്‍ ഒരിക്കല്‍ 600 രൂപ ഹരിത നികുതി നല്‍ണം. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫിറ്റ്‌നസ് പുതുക്കുമ്പോള്‍ 200 രൂപ വീതമാണ് ഹരിത നികുതി. 15 വര്‍ഷം കഴിഞ്ഞാല്‍ 300 രൂപ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഓട്ടോറിക്ഷയ്ക്ക് 500 രൂപയും  ലൈറ്റ് വാഹനങ്ങള്‍ക്ക് 1000 രൂപ രൂപയും നല്‍കണം.
മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയാണ്. ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപ വരെയാണ് ഹരിത നികുതി.
രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.