ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണർമാർ; വിയോജിച്ച് ആധിർ രഞ്ജൻ ചൗധരി

Jaihind Webdesk
Thursday, March 14, 2024

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ
രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു. അന്തിമ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെയാണ് തിരഞ്ഞെടുപ്പ് എന്നും ഇക്കാര്യത്തില്‍ താന്‍ വിയോജനക്കുറിപ്പ് നല്‍കിയതായും ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയും തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് ആധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവരങ്ങള്‍ ആവശ്യപ്പെട്ട് താന്‍ നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവില്‍ പകരം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അരുണ്‍ ഗോയലും കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ അരുണ്‍ ഗോയല്‍ രാജി വെച്ചതില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിക്കാനാണോ രാജിയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തലേന്ന് സര്‍ക്കാര്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിച്ചത്. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. സുതാര്യത മുന്‍ നിര്‍ത്തി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരികയായിരുന്നു.