റഫേൽ ഇടപാടിൽ പുതിയ വഴിത്തിരിവ്; രേഖകൾ പുറത്തു വിട്ട ഫ്രഞ്ച് ബ്ലോഗ്

റഫേൽ ഇടപാടിൽ പുതിയ വഴിത്തിരിവ്. ഇന്ത്യയുമായി 36 റഫാൽ യുദ്ധ വിമാനങ്ങളുടെ കച്ചവടം ഉറപ്പിക്കാൻ റിലയൻസിനെ പങ്കാളിയാക്കണമെന്നത് നിർബന്ധിത വ്യവസ്ഥയെന്ന് ദസോൾട്ട് ഏവിയേഷൻ ഡെപ്യൂട്ടി സിഇഒ പറഞ്ഞതിന്‍റെ രേഖകൾ ഫ്രഞ്ച് ബ്ലോഗ് പുറത്തു വിട്ടതാണ് ഏറ്റവും പുതിയ വിവാദം. ഇതോടെ കോൺഗ്രസ് ആരോപണങ്ങൾ കൂടുതൽ ശക്തമായി.

റഫേൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്നത് നിർബന്ധിത വ്യവസ്ഥയാണെന്ന് ദസ്വാൾട്ട് ഏവിയേഷന്‍റെ ആഭ്യന്തര രേഖകളിലുണ്ടെന്ന റിപ്പോർട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് നേരത്തെ പുറത്തു വിട്ടിരുന്നു. ഇക്കാര്യം ഡെപ്യൂട്ടി സിഇഒ ലോക്ക് സെഗലൻ ജീവനക്കാരുടെ യോഗത്തിൽ പറഞ്ഞുവെന്നായിരുന്നു മീഡിയാ പാർട്ടിന്‍റെ റിപ്പോർട്ട്. എന്നാൽ ദസോൾട്ട് ഏവിയേഷൻ സി.ഇ.ഒ എറിക് ട്രാപ്പിയർ ഇതു തള്ളി. എന്നാൽ കമ്പനി വാദത്തെ പൊളിക്കുന്ന രേഖകളാണ് ഫ്രഞ്ച് ബ്ലോഗായ പോർട്ടൽ ഏവിയേഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദസോൾട്ട് ഏവിയേഷന്‍റെ യൂണിയനുകളായ സി.ജി.ടി, സി.എഫ്.ഡി.ടി എന്നിവ 2017 മേയ് 11ന് നടത്തിയ യോഗത്തിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്തായത്.

യോഗങ്ങളിൽ ലോക്ക് സെഗലനും പങ്കെടുത്തിരുന്നു എന്ന് ഈ രേഖകൾ തെളിയിക്കുന്നു. ഇന്ത്യയുമായുള്ള റഫേൽ യുദ്ധവിമാന കരാർ കിട്ടാൻ റിലയൻസുമായി ചേർന്ന് കമ്പനിയുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നുവെന്നാണ് ദസോൾട്ട് ഡെപ്യൂട്ടി സി.ഇ.ഒ വ്യക്തമാക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളിയാക്കണമെന്ന ഇന്ത്യയുടെ വ്യവസ്ഥ പാലിക്കാനാണ് ദസോൾട്ട്-റിലയൻസ് ഏയ്‌റോ സ്‌പെയ്‌സ് രൂപീകരിച്ചതെന്നും ലോക് സെഗലൻ യൂണിയനുകളുടെ യോഗത്തിൽ പറഞ്ഞതായി രേഖകളിലുണ്ട്.

https://youtu.be/xVbplDCUJjY

narendra modiRafale Deal Scam
Comments (0)
Add Comment