നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തീയതി ഇന്നറിയിക്കും

Jaihind News Bureau
Friday, January 17, 2020

നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തീയതി തീഹാർ ജയിൽ അധികൃതർ ഇന്നറിയിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസത്തിന് ശേഷം വിധി നടപ്പിലാക്കുമെന്ന് അറിയിക്കാനാണ് സാധ്യത.22 ന് വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള മരണവാറന്റ് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. മരണവാറന്‍റ് റദ്ദാക്കണമെന്ന പ്രതി മുകേഷ് സിംഗിന്‍റെ അപേക്ഷയിൽ ആണ് നടപടി.മരണ വാറന്‍റ് പുറപ്പെവിച്ചാൽ അതിൽ മാറ്റം ഉണ്ടാകരുത് എന്നായിരുന്നു നിർഭയയുടെ രക്ഷിതാക്കൾ വാദിച്ചത്.

എന്നാൽ ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവറിന്‍റെ വാദം.. നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്
മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത് .