അപ്രായോഗികവും നിയമവിരുദ്ധവുമായ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണം: സർക്കാരിനെതിരെ ഫോറം ഫോർ ഹെല്‍ത്ത് ജസ്റ്റിസ്

Jaihind Webdesk
Friday, August 6, 2021

 

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പരാജയമാണെന്ന് ഇതിനോടകം വ്യക്തമായതാണ്. നിരവധി പേരാണ് കൊവിഡ് ലോക്ക്ഡൌണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യയില്‍ അഭയം തേടിയത്. പരിഷ്കരിച്ച നിബന്ധനകള്‍ നിലവില്‍ ഉണ്ടായിരുന്നതിനെക്കാള്‍ അപ്രായോഗികമാണെന്നും വാക്‌സിൻ എടുത്തവരും എടുക്കാത്തവരും എന്ന രീതിയിൽ ജനങ്ങളെ വിഭജിക്കുന്നതാണെന്നും ഫോറം ഫോർ ഹെല്‍ത്ത് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഏറ്റവും രോഗ വ്യാപനം ഉള്ള സംസ്ഥാനം ആയി കേരളം തുടരുന്നു എന്നത് ഇവിടത്തെ നിയന്ത്രണങ്ങൾ പരാജയമാണ് എന്നാണ് തെളിയിക്കുന്നത്. അതിലുപരി, കടുത്ത നിയന്ത്രണങ്ങൾ മാസ ശമ്പളത്തിന്‍റെ സുരക്ഷ ഇല്ലാത്ത മുഴുവൻ ആളുകളെയും രോഗം വരുന്നതിനേക്കാൾ വലിയ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാതെ ചിലർ ആത്മഹത്യയിൽ അഭയം തേടിയതും നിസ്സഹായതയോടെ കേരളം നോക്കി നിന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ വിവിധ ജന വിഭാഗങ്ങൾ അശാസ്ത്രീയവും അധാർമ്മികവുമായ നിയന്ത്രണങ്ങൾക്കെതിരെ സമര രംഗത്തിറങ്ങുകയും വ്യാപാരികൾ ഓഗസ്റ്റ് 9 മുതൽ മുഴുവൻ കടകൾ തുറക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് പുതിയ നിബന്ധനകളുമായി ഉത്തരവ് ഇറങ്ങുന്നത്. എന്നാൽ ഇത് നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ അപ്രായോഗികമാണ്.

കോവിഡ് വാക്‌സിൻ സ്വീകരിച്ചാലും വൈറസ് ബാധ ഏൽക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. വാക്‌സിൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഡെൽറ്റ വകഭേദത്തിന്റെ വൈറസ് ഒരേ തോതിൽ ആണ് കാണപ്പെടുന്നത് എന്ന് പഠനങ്ങൾ കാണിക്കുന്നു. പിന്നെ എങ്ങനെ ആണ് വാക്‌സിൻ എടുത്തവർ പുറത്തിറങ്ങിയാൽ രോഗവ്യാപനം ഉണ്ടാകില്ല എന്നും മറ്റുള്ളവർ പുറത്തിറങ്ങിയാൽ വ്യാപനം ഉണ്ടാകും എന്നും സർക്കാർ പറയുന്നത്? രോഗം വരാതിരിക്കാനും വന്നാലും ഗൗരവം ആകാതിരിക്കാനും ഏറെ ഫലപ്രദം എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ള, മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ള ആയുഷ് ചികിത്സ വിഭാഗങ്ങളുടെ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്നവർ ഏത് രീതിയിൽ ആണ് സമൂഹത്തിന് ഭീഷണിയാകുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം.

സമൂഹത്തിൽ പകുതി ജനങ്ങൾക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്തതാണ് പുതിയ ഉത്തരവ്. ഉപ്പും മുളകും തേയിലയും വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റോ 500 രൂപയുടെ കൊവിഡ് പരിശോധനാ സിർട്ടിഫിക്കറ്റോ വേണം എന്ന് നിബന്ധന വെക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ 40% പേർക്ക് കൊറോണ വാക്‌സിൻ ലഭിച്ചു എന്നാണ് കണക്ക്. വാക്‌സിൻ ലഭിക്കാത്തവരും എടുക്കാത്തവരും രണ്ടാംകിട പൗരന്മാരാണ് എന്ന് പ്രഖ്യാപിക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകിയത്? തൊഴിലിടങ്ങളിൽ പോലും വാക്‌സിൻ നിർബന്ധിതമാക്കാൻ കഴിയില്ല എന്ന് വിവിധ ഹൈകോടതികൾ ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയെയും വാക്‌സിൻ സ്വീകരിക്കാൻ നിർബന്ധിക്കാൻ ആർക്കും അവകാശമില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടു തന്നെ അശാസ്ത്രീയവും, അധാർമികവും നിയമവിരുദ്ധവുമായ നിയന്ത്രണങ്ങൾ പിൻവലിക്കണം എന്നും എല്ലാ ചികിത്സാ പദ്ധതികളിലെയും വിദഗ്ധരെയും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും വിളിച്ചു ചേർത്ത് കൊവിഡ് പ്രതിരോധത്തിന് പുതിയ മാർഗങ്ങൾ തേടണമെന്നും ഫോറം ഫോർ ഹെല്‍ത്ത് ജസ്റ്റിസ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.