1992 ജനുവരി 25-ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ നാലാംനമ്പര്‍ ബാറ്ററായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയര്‍ അവസാനം വരെ ഇറങ്ങിയപ്പോഴും, പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 12 വര്‍ഷം കോലി ആ സ്ഥാനത്ത് തുടര്‍ന്നപ്പോഴും ടെസ്റ്റിലെ നാലാംനമ്പറില്‍ ഇന്ത്യന്‍ ടീമിന് മറ്റ് ഓപ്ഷനുകളുടെ ആവശ്യമില്ലായിരുന്നു. എന്നാല്‍, വരുന്ന ജൂണ്‍ 20-ന് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ നാലാംനമ്പറില്‍ പുതിയൊരാളെ കണ്ടെത്തണമെന്നുള്ളതാണ് ഇന്ത്യയുടെ വെല്ലുവിളി. മാത്രമല്ല, രോഹിത് ശര്‍മയ്ക്ക് പകരം പുതിയ ക്യാപ്റ്റനെയും ഓപ്പണറെയും കണ്ടെത്തണം. പത്തുവര്‍ഷത്തിലേറെക്കാലം വിദേശപിച്ചുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന സ്പിന്നര്‍ ആര്‍. അശ്വിന്‍ വിരമിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ എന്നുള്ളത് മറ്റൊരു വശം. ഇത്രയും കടമ്പ കടന്നു വേണം ഇന്ത്യയ്ക്ക ടെസ്റ്റ് മല്‍സരത്തിനിറങ്ങാന്‍. സീനിയര്‍ താരം രവീന്ദ്ര ജഡേജയും വിരമിക്കല്‍ വക്കിലാണ്. മറ്റൊരു മുതിര്‍ന്ന താരമായ മുഹമ്മദ് ഷമിയെ പരിക്ക് അലട്ടുന്നുവെന്നത് മറ്റൊരു ആശങ്കയായി തുടരുന്നു. എന്തായാലും ടെസ്റ്റ് ക്രിക്കറ്റില്‍ തലമുറമാറ്റത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിക്കുമ്പോള്‍ ടീമില്‍ ഭൂരിഭാഗവും യുവതാരങ്ങളാകും. മാറ്റം ടെസ്റ്റില്‍ മാത്രമാവില്ല. നിലവില്‍ വിരാട് കോലിയും രോഹിത്തും ഏകദിനത്തില്‍ തുടരുമെങ്കിലും എത്രകാലം എന്ന ചോദ്യം നിലനില്‍ക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് മുന്‍നിര ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനാണ് സാധ്യത കൂടുതല്‍. എങ്കിലും അത് ഉറപ്പിക്കാറായിട്ടില്ല. അവസാനംകളിച്ച ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. അതിലൊരു മത്സരം ജയിക്കുകയും ചെയ്തിരുന്നു. സൗമ്യമായ ഇടപെടല്‍കൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യനും സമകാലീന ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളുമായ ബുംറയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന അഭിപ്രായമുണ്ട്. എന്നാല്‍, ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ഈ സീസണില്‍ കാഴ്ചവെച്ച മികച്ച പ്രകടനം ഗില്ലിന് തുണയാകും.
ഓപ്പണറുടെ റോളില്‍ 23-കാരനായ യശസ്വി ജയ്സ്വാള്‍ തുടരും. രോഹിത്-ജയ്സ്വാള്‍ സഖ്യം ഓപ്പണിങ്ങിലേക്കുവന്നപ്പോള്‍ നേരത്തേ ഓപ്പണറായിരുന്ന ഗില്‍ വണ്‍ഡൗണിലേക്ക് മാറിയിരുന്നു. രണ്ടുയുവതാരങ്ങളെ ഓപ്പണിങ് ഏല്‍പ്പിക്കുന്നതിനു പകരം രാഹുലിനെ ഓപ്പണിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും പരിഗണിക്കും. നാലാംനമ്പര്‍തൊട്ട് ബാറ്റിങ്സ്ഥാനം അനിശ്ചിതമാണ്. ഏകദിനത്തില്‍ സ്ഥിരതയോടെ കളിക്കുന്ന ശ്രേയസ് അയ്യര്‍ പരിഗണനയിലുണ്ടെങ്കിലും ഒന്നരവര്‍ഷത്തോളമായി അദ്ദേഹം ടെസ്റ്റ് കളിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍, രജത് പടിദാര്‍, നിധീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. നന്നായി കളിച്ചുകൊണ്ടിരിക്കെ മറ്റുപല കാരണങ്ങളാലും ടീമിനു വെളിയിലായ ഇഷാന്‍ കിഷനും തിരിച്ചുവരാന്‍ അവസരമുണ്ട്. ഏതായാലും, ഇംഗ്ലണ്ട് പര്യടനത്തിനായി സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുന്ന പേരുകള്‍ ഭാവി ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ബ്ലൂ പ്രിന്റായിരിക്കുമെന്നതില്‍ സംശയമില്ല.