കൊവിഡ് കാലത്ത് ധൂർത്ത് തുടർന്ന് സർക്കാർ; സർക്കാരിന് മുഖം മിനുക്കാന്‍ ഒരു ഗ്രാഫിക് ഡിസൈനർ കൂടി ; ശമ്പള ഇനത്തില്‍ മാത്രം ചെലവ് 2,77,080 രൂപ

Jaihind News Bureau
Thursday, June 11, 2020

കൊവിഡ് കാലത്ത് ധൂർത്ത് തുടർന്ന് സർക്കാർ. ലക്ഷങ്ങൾ മുടക്കി പുതുതായി ഒരു ഗ്രാഫിക് ഡിസൈനറെ കൂടി നിയമിക്കുന്നു. സർക്കാർ നേട്ടങ്ങൾക്ക് ജനശ്രദ്ധ കിട്ടുന്നില്ല എന്ന് കാണിച്ചാണ് പുതിയ നിയമനം. മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും കൈകാര്യം ചെയ്യുന്നതിനായി സി-ഡിറ്റ്‌ നിയോഗിച്ച ടീമിലെ ഗ്രാഫിക്‌ ഡിസൈനര്‍ക്ക്‌ നല്‍കിവരുന്ന പരമാവധി വേതനം ആയ 2,77,080 രൂപ വാർഷിക ശമ്പളം തന്നെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ നിയമിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രാഫിക്‌ ഡിസൈനര്‍ക്കും നല്‍കുന്നതിന് അനുമതിയായി. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ ഈ നടപടി.

സര്‍ക്കാര്‍ പദ്ധതികളും നയങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന്‌ പരമ്പരാഗത വിനിമയ മാധ്യമങ്ങളേക്കാള്‍ വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്ക്‌ ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ടെന്നും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ ചുമതലയിലുള്ള വാട്‌സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്ക്‌ ആകര്‍ഷകമായ ഗ്രാഫിക്സും ഇല്ലസ്ട്രേനേഷനുകളും സോഷ്യല്‍ മീഡിയ പോസ്റ്ററുകളും മറ്റും നല്‍കിയെങ്കില്‍ മാത്രമെ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും പറഞ്ഞാണ് പുതിയ നിയമനം. നിലവില്‍ അത്തരം മെറ്റീരിയലുകള്‍ തയാറാക്കുന്നതിലും പോസ്റ്റ്‌ ചെയ്യുന്നതിനും ഗ്രാഫിക്‌ ഡിസൈനിംഗ്‌ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ സര്‍ക്കാര്‍ തലത്തില്‍ ഇല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍ജീവമാകുന്ന അവസ്ഥയുണ്ടെന്നും ആയതിനാല്‍ പ്രാവീണ്യം ഉള്ള ഒരു ഗ്രാഫിക്‌ ഡിസൈനറുടെ സേവനം സി ഡിറ്റ്‌ വഴി ലഭ്യമാക്കുന്നത്‌ ഉചിതമായിരിക്കുമെന്നുമാണ് ശുപാർശ.

നടപ്പ് സാമ്പത്തികവര്‍ഷം മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും കൈകാര്യംചെയ്യുന്നതിനായി സി-ഡിറ്റ്‌ നിയോഗിച്ച ടീമിലെ ഗ്രാഫിക്‌ ഡിസൈനര്‍ക്ക്‌ നല്‍കിവരുന്ന പരമാവധി വേതനം തന്നെ വിവരപൊതുജന സമ്പര്‍ക്ക വകുപ്പില്‍ നിയമിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രാഫിക്‌ ഡിസൈനര്‍ക്കും നല്‍കാവുന്നതാണെന്നും ഒരു വര്‍ഷത്തെ ശമ്പളം ഇനത്തില്‍ 2,77,080/-(രണ്ട്‌ ലക്ഷത്തി എഴുപത്തി ഏഴായിരത്തി എണ്‍പത്‌ രൂപ മാത്രം) (2220-60-800-78) വെബ്സൈറ്റ്സ്‌ ആന്‍ഡ്‌ ന്യൂ മീഡിയ എന്ന പ്ലാന്‍ ശീര്‍ഷകത്തില്‍ നിന്നും വകയിരുത്താവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മാസം ചേർന്ന വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ യോഗമാണ് സി ഡിറ്റ്‌ വഴി ഗ്രാഫിക്‌ ഡിസൈനറെ നിയമിക്കുന്നതിനും ശമ്പളം ഇനത്തില്‍ 2,77,080/- രൂപ ഒരു വര്‍ഷം ചെലവഴിക്കുന്നതിനുമുള്ള ശുപാർശ അംഗീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ ഡിസൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി ഡിറ്റ്‌ വഴി ഗ്രാഫിക്‌ ഡിസൈനറെ നിയമിക്കുന്നതിനും ശമ്പള ഇനത്തില്‍ 2,77,080/- രൂപ ചെലവഴിക്കുന്നതിനും ഭരണാനുമതി നല്‍കി ഉത്തരവായത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി വെബ്‌ & ന്യൂ മീഡിയ – ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി.

സി.പി.എമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടരക്കോടി രൂപ ചെലവിട്ട്‌ ‘സുഭിക്ഷം ഭദ്രം സുരക്ഷിതം’ എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാക്കിയത്. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് വീണ്ടും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഗ്രാഫിക് ഡിസൈനറെ നിയമിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ധൂര്‍ത്ത് തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.