കൊവിഡ് വാർത്താസമ്മേളനത്തിനിടെ പുതുപരസ്യപ്രചാരണ തന്ത്രത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി | VIDEO

കൊവിഡ് വാർത്താസമ്മേളനത്തിനിടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വിവരിച്ച് പുതുപരസ്യപ്രചാരണ തന്ത്രത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിവാദങ്ങള്‍ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുമ്പോള്‍ മാധ്യമങ്ങളെയും അത്ഭുതപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രതിപക്ഷ ആരോപണങ്ങള്‍ കുടുതല്‍ ബലം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

പതിവ് കൊവിഡ് വാര്‍ത്താസമ്മേളനത്തിനിടെ മുന്‍കൂട്ടി അറിയിക്കാതെയാണ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വിവരിച്ച ശേഷം നൂറ് ദിന കര്‍മ്മ പരിപാടിയുടെ പിആര്‍ഡി വീഡിയോ മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിവാദ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടിക്കായി മാധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നപ്പോഴാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് പരസ്യ വീഡിയോയിലേക്ക് പോയത്.

കൊവിഡ് വാര്‍ത്താസമ്മേളനങ്ങള്‍ പോലും പി ആര്‍ സ്റ്റണ്ട് മാത്രമാണ് എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു ഈ നീക്കമെന്നതും മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള നാലര വര്‍ഷവും ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് പി ആറിലും പരസ്യങ്ങളിലും ആണെന്ന ആരോപണം ശക്തമാണ്. വളരെ ആസൂത്രിതമായി തന്നെ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ റേറ്റുള്ള ചാനലുകളുടെ പ്രൈം ടൈമാണ് സമര്‍ത്ഥമായി സർക്കാര്‍ ദുരുപയോഗം ചെയ്തത്. ഇത് ചാനലുകളുടെ പരസ്യമാണ് എന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളും സിപിഎം ശക്തമാക്കിയിരിക്കുകയാണ് എന്നും നേരത്തെ തന്നെ ആരോപണമുണ്ട്. അതേസമയം, പി ആര്‍ സ്റ്റണ്ടുകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്ന കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പോലും പരീക്ഷിക്കാത്ത പുതിയ തന്ത്രമാണ് ഇന്നത്തെ വീഡിയോ പ്രദര്‍ശനത്തിലുടെ ഇടത് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

https://www.facebook.com/JaihindNewsChannel/videos/348423786309630/

Comments (0)
Add Comment