പച്ചകലര്‍ന്ന മഞ്ഞയില്‍ പുതിയ 20 രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

Jaihind Webdesk
Saturday, April 27, 2019

ന്യൂഡല്‍ഹി: പുതിയ 20 രൂപ നോട്ടുകള്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുളള നോട്ടുകളാണ് പുറത്തിറക്കുക. മഹാത്മ ഗാന്ധിയുടെ ചിത്രം മധ്യത്തിലായി പതിച്ച നോട്ടിന്റെ പുറകില്‍ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ ഒപ്പോടുകൂടിയാണ് നോട്ടുകള്‍ എത്തുക. മുന്നില്‍ 20 എന്ന് ദേവനാഗരി ലിപിയില്‍ എഴുതിയിട്ടുണ്ട്. മധ്യത്തായി മഹാത്മ ഗാന്ധിയുടെ ചിത്രമുണ്ട്. ആര്‍ബിഐയുടെ ചിഹ്നവും അശോക സ്തംഭവും മുന്നിലുണ്ട്. പുറകില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാള മഹരാഷ്ട്രയിലെ എല്ലോറ ഗുഹയും സ്വച്ഛ ഭാരതിന്റെ ചിഹ്നവും നോട്ട് അച്ചടിച്ച വര്‍ഷവും ഉണ്ട്.

പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ 20 രൂപ നോട്ടുകള്‍ നിയമാനുസൃതമായി നിലനില്‍ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ 10, 50, 200, 500, 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ നേരത്തെ പുറത്തിറക്കിയിരുന്നു.