Benjamin Netanyahu| ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു; പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിനിധികള്‍, ഐക്യരാഷ്ട്രസഭയില്‍ നാടകീയ രംഗങ്ങള്‍

Jaihind News Bureau
Saturday, September 27, 2025

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവെ നാടകീയ രംഗങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുഎന്‍ പ്രതിനിധികള്‍ നെതന്യാഹുവിനെ കൂകി വിളിക്കുകയും പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഗാസയിലെ യുദ്ധത്തിനെതിരെ നെതന്യാഹുവിനോടുള്ള ലോകരാജ്യങ്ങളുടെ ശക്തമായ വിയോജിപ്പാണ് യുഎന്നിലെ പ്രതിഷേധത്തില്‍ പ്രകടമായത്.

ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു പൊതുസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. നിരവധി യുഎന്‍ പ്രതിനിധികള്‍ അദ്ദേഹത്തെ കൂകി വിളിക്കുകയും തുടര്‍ന്ന് പ്രസംഗം ബഹിഷ്‌കരിച്ച് യുഎന്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ഗാസയിലെ സാധാരണക്കാരെ ഇസ്രായേല്‍ മനപ്പൂര്‍വം പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്ന ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും, ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേല്‍ ജനത ബന്ദികള്‍ക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയവരെ ഇസ്രായേല്‍ മറന്നിട്ടില്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും ആയുധങ്ങള്‍ താഴെവയ്ക്കുകയും ചെയ്യുന്നത് വരെ ഇസ്രായേല്‍ തിരിച്ചടി തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ സൈനിക ശേഷി തകര്‍ക്കാന്‍ ഇസ്രായേലിനും അമേരിക്കന്‍ സൈന്യത്തിനും സാധിച്ചെന്നും, ഇത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധീരവും നിര്‍ണായകവുമായ നടപടിയാണെന്നും നെതന്യാഹു പരാമര്‍ശിച്ചു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്ന നെതന്യാഹുവിന്റെ വാദങ്ങളും യുഎന്‍ പ്രതിനിധികള്‍ തള്ളിക്കളഞ്ഞു. യുഎന്നിലെ പ്രതിഷേധം ഇസ്രായേല്‍-ഗാസ യുദ്ധത്തില്‍ നെതന്യാഹു സ്വീകരിക്കുന്ന നിലപാടുകളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്.