വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
‘ഒന്നിനു പുറകേ ഒന്നായി അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്’ ട്രംപിനെ കുറിച്ച് നെതന്യാഹു പറഞ്ഞു. ‘മിസ്റ്റര്‍ പ്രസിഡന്റ്, നോബല്‍ സമ്മാന കമ്മിറ്റിക്ക് അയച്ച കത്ത് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമാധാന സമ്മാനത്തിന് നിങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നു, നിങ്ങള്‍ അത് അര്‍ഹിക്കുന്നു,’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘വളരെ നന്ദി. ഇതുസംബന്ധിച്ച് എനിക്കറിയില്ലായിരുന്നു, വളരെ നന്ദി. ഇത് വളരെ അര്‍ത്ഥവത്തായതാണ്.’ നാമനിര്‍ദ്ദേശത്തെ സംബന്ധിച്ച കത്ത് ലഭിച്ച ശേഷം ട്രംപ് പ്രതികരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ച നെതന്യാഹു ഇസ്രേയേലികളും ജൂത ജനതയും ലോകമെമ്പാടുമുള്ള മറ്റു പലരും അദ്ദേഹത്തെ അവര്‍ ദീര്‍ഘകാല സുഹൃത്തുക്കളാണെും ട്രംപ് പറഞ്ഞു.
‘ബിബി ബെഞ്ചമിന്‍ നെതന്യാഹുവും സാറയും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്. വളരെക്കാലമായി അവര്‍ എന്റെ സുഹൃത്തുക്കളാണ്, ഞങ്ങള്‍ ഒരുമിച്ച് വലിയ വിജയം നേടിയിട്ടുണ്ട്, ഭാവിയില്‍ ഇത് കൂടുതല്‍ വലിയ വിജയമായി മാറുമെന്ന് ഞാന്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ അത്താഴവിരുന്നിനായി വൈറ്റ് ഹൗസില്‍ എത്തിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളും പരിഹരിക്കപ്പെടാത്ത ബന്ദിയാക്കല്‍ പ്രതിസന്ധിയും മൂലം വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ച ഇത്.
നേരത്തെ, നെതന്യാഹു സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും കൂടിക്കാഴ്ചകള്‍ നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസിനടുത്തുള്ള പ്രസിഡന്‍ഷ്യല്‍ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.