നേപ്പാളില്‍ അഴിമതിക്കും സാമൂഹ്യമാധ്യമ വിലക്കിനുമെതിരെ യുവജനങ്ങള്‍ നടത്തുന്ന ശക്തമായ പ്രക്ഷോഭം ഭരണപ്രതിസന്ധിയിലേക്ക് നയിക്കുന്നു. പ്രക്ഷോഭം രൂക്ഷമായതോടെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ഉള്‍പ്പെടെ ഒട്ടേറെ മന്ത്രിമാര്‍ രാജിവെച്ചു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വീഴുകയും, പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാന്‍ ഒരു ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയൊരു ഭരണനേതൃത്വം ആവശ്യമാണെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
പ്രക്ഷോഭത്തിന് പിന്നിലുള്ള യുവജനങ്ങള്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെയാണ്. രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്നാണ് അവരുടെ ആവശ്യം. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്. 2022-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് ബാലേന്ദ്ര ഷാ. നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടതോടെയാണ് യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചത്.
അതേസമയം, കലാപം രൂക്ഷമായതോടെ നേപ്പാളില്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സമുണ്ടായി. രാജ്യവ്യാപകമായുള്ള കര്‍ഫ്യൂവും സുരക്ഷാ ആശങ്കകളും കാരണം യെതി എയര്‍ലൈന്‍സ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കാഠ്മണ്ഡു താഴ്‌വരയിലെ മോശം സാഹചര്യം കണക്കിലെടുത്ത്, ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിട്ടുണ്ട്. നേപ്പാളില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര കവാടമായ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും അടച്ചിട്ടതോടെ വ്യോമഗതാഗതം ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്.