Nepal Gen Z Protest| നേപ്പാളിലെ ‘ജെന്‍ സി’ പ്രക്ഷോഭം: മരണം 30 ആയി; ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സുശീല കര്‍ക്കി എത്തിയേക്കും

Jaihind News Bureau
Thursday, September 11, 2025

 

കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഉണ്ടായ ‘ജെന്‍ സി’ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തേക്ക് വരുമെന്നാണ് സൂചന. രാഷ്ട്രീയ കക്ഷികളുമായി ബന്ധമില്ലാത്ത വ്യക്തി എന്ന നിലയില്‍ സുശീല കര്‍ക്കിയുടെ പേര് യുവ പ്രതിഷേധക്കാര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തുടങ്ങിയ പ്രതിഷേധങ്ങള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ രാജിയിലേക്ക് നയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭം അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള ഒരു വലിയ മുന്നേറ്റമായി വളര്‍ന്നു.

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് മാത്രമേ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ കഴിയൂ എന്ന് കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ഉള്‍പ്പെടെയുള്ള ചിലര്‍ നിലപാടെടുത്തപ്പോള്‍, പ്രതിഷേധക്കാര്‍ക്ക് സ്വീകാര്യനായ ഒരു വ്യക്തിയെയാണ് അവര്‍ തിരഞ്ഞെടുത്തത്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാണ് 72 കാരിയായ സുശീല കര്‍ക്കി. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഒരു സമവായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.