നേപ്പാളില്‍ കാണാതായ വിമാനം തകർന്ന നിലയില്‍; തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ മൃതദേഹങ്ങള്‍

Jaihind Webdesk
Monday, May 30, 2022

 

കാഠ്മണ്ഡു: 22 യാത്രക്കാരുമായി നേപ്പാളില്‍ കാണാതായ വിമാനം തകർന്ന നിലയില്‍ കണ്ടെത്തി. ഇന്ത്യാക്കാരായ നാലംഗ കുടുംബവും വിമാനത്തിലുണ്ടായിരുന്നു. ഏതാനും യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.  ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തെരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. ഇന്നു രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായത്. ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്‍റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയർന്ന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖാറ-ജോംസോം വ്യോമപാതയിൽ ഘോറെപാനിക്കു മുകളിൽവച്ചാണു വിമാനവുമായുള്ള ബന്ധം നഷ്ടമായത്.  ജോംസോമിലെ ഘാസയിൽ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

വിമാനത്തിനായി തെരച്ചില്‍ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചില്‍ നിർത്തിവെക്കേണ്ടിവന്നിരുന്നു. മസ്താംഗ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിംങ്ഗോളയിൽ  വിമാനം തകർന്നുവീണ അവസ്ഥയില്‍ കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജർ ജനറൽ ബാബുറാം ശ്രേഷ്ഠ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോശം കാലവസ്ഥയെ തുർന്ന് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.

മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേകർ, മക്കൾ ധനുഷ്, ഋതിക എന്നിവരാണ് കാണാതായ ഇന്ത്യൻ യാത്രികർ. രണ്ട് ജർമൻകാർ, 13 നേപ്പാളികൾ, ജീവനക്കാരായ 3 നേപ്പാൾ സ്വദേശികൾ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. പൈലറ്റിന്‍റെ മൊബൈൽ ഫോൺ ജിപിഎസ് വഴി ട്രാക്ക് ചെയ്താണ് വിമാനം തകർന്നുവീണ സ്ഥലം കൃത്യമായി കണ്ടെത്തിയത്.