Nehru Trophy Boat race 2025| നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി: 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 71 വള്ളങ്ങള്‍ മാറ്റുരയ്ക്കും

Jaihind News Bureau
Friday, August 29, 2025

ആലപ്പുഴ: കായല്‍ രാജാക്കന്മാരുടെ പോരാട്ടത്തിന് പുന്നമടക്കായല്‍ ഒരുങ്ങി. പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 71-ാമത് ജലമേള നാളെ പുന്നമടയിലെ ആവേശ ഓളപ്പരപ്പില്‍ നടക്കും. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്ക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് പുന്നമടക്കായലിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. വിദേശികളും സ്വദേശികളുമടക്കം വന്‍ ജനാവലിക്ക് സാക്ഷ്യം വഹിക്കുന്ന ഈ ജലമേള കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്.

ജലരാജാക്കന്മാരായ 21 ചുണ്ടന്‍ വള്ളങ്ങളാണ് പ്രധാന വിഭാഗത്തില്‍ ഇത്തവണ മത്സരിക്കുന്നത്. ഈ വള്ളങ്ങള്‍ ഹീറ്റ്സുകളായി തിരിഞ്ഞ് മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പുറമെ, വെപ്പ്, ഇരുട്ടുകുത്തി, ഓടി, ചുരുളന്‍ തുടങ്ങിയ വിഭാഗങ്ങളിലായി 50-ഓളം മറ്റ് വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ജലരാജാക്കന്മാരുടെ പോരിന് ഒരുങ്ങിക്കഴിഞ്ഞു പുന്നമട.

കഴിഞ്ഞ തവണ ഉയര്‍ന്ന ഫിനിഷിങിലെ പരാതിയ്ക്ക് അടക്കം പരിഹാരവുമായാണ് ഇക്കുറി നെഹ്റു ട്രോഫി എത്തുന്നത്. ഫിനിഷിങ് ദൃശ്യങ്ങള്‍ക്ക് വ്യക്തത ഇല്ലെന്നും ടൈമിംഗ് എടുത്തതില്‍ വീഴ്ച ഉണ്ടായെന്നും അടക്കം നിരവധി പരാതികള്‍ ആയിരുന്നു ഉയര്‍ന്നത്. ഒടുവില്‍ പരാതികള്‍ കോടതി വരെ എത്തുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ ഇക്കുറി എല്ലാത്തിനും കൃത്യമായ പരിഹാരം കണ്ടെത്തിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.


വള്ളംകളിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, കാണികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കുന്നത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഹോട്ടലുകളും റിസോര്‍ട്ടുകളും അതിഥികളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. വള്ളംകളിപ്രേമികളെല്ലാം മത്സരം കാണുന്നതിനുള്ള ഉദ്വേഗപൂര്‍ണ്ണമായ കാത്തിരിപ്പിലാണ്.

ചുണ്ടന്‍ വള്ളങ്ങള്‍ തുഴഞ്ഞ് നീങ്ങുമ്പോള്‍ കരക്കാരുടെ മുഴങ്ങുന്ന ആര്‍പ്പുവിളികളും താളമേളങ്ങളും പുന്നമടക്കായലിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും. കിരീടം നേടുന്നതിനായി ഓരോ വള്ളങ്ങളും സര്‍വ്വകരുത്തുമായി തുഴയെറിയുന്ന മനോഹര കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍