ചർച്ച പരാജയം ; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികള്‍

Jaihind News Bureau
Saturday, February 20, 2021

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കി. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തിയത്. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ വെച്ചായിരുന്നു ചർച്ച.

ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ധാരണയായില്ലെന്നും സമരം തുടരുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉത്തരവ് കിട്ടാതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും സമരം തുടരുമെന്നും ലയ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സും സിപിഓ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.