ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണം ; സി.പി.എം സെക്രട്ടേറിയറ്റില്‍ സർക്കാരിന് വിമർശനം

Jaihind News Bureau
Friday, February 19, 2021

 

തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സി.പി.എം. സമരക്കാരുമായി ചർച്ച വേണമെന്നാണ് പാർട്ടി സർക്കാരിനെ തിരുത്തിയത്‌. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. അതേസമയം നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടില്ല. സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്താനാകും ചർച്ച നടത്തുക.

സമരത്തിൽ ചർച്ച ഇല്ല എന്നു ആവർത്തിക്കുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പാർട്ടി തിരുത്തി. സമരം തെരുവിൽ ഇറങ്ങിയപ്പോൾ സർക്കാർ ചർച്ചയ്ക്ക് തയാറാകണം എന്ന വിലയിരുത്തൽ ആണ് പാർട്ടിലെ ചില നേതാക്കൾക്ക് . ഈ സഹചര്യത്തിൽ ആണ് ഇന്നുചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന്  വിലയിരുത്തിയത്. സമരത്തിന് അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിർദേശം നൽകി. മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എന്നാൽ ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയാൽ മതി എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇതിലൂടെ. എന്നാൽ ഇനി ചർച്ച ഇല്ല എന്നു വാദിക്കുന്ന തോമസ് ഐസക്കിന് പാർട്ടി നിർദ്ദേശം തിരിച്ചടി ആയി. പ്രശ്നപരിഹാരത്തിന് ഐസക്കിന്‍റെ സാനിധ്യവും വേണ്ടിവരും.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമരക്കാർക്കെതിരെ എടുത്ത കടുത്ത നിലപാട് സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ച പശ്ചാത്തലത്തിൽ ആണ് ചർച്ച വേണം എന്ന നിർദേശം പാർട്ടി മുന്നോട്ടുവെച്ചത്. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയാനാണ് ഇപ്പോൾ പാർട്ടിയുടെ ശ്രമം. എന്നാല്‍ സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്താനാകും  ചർച്ച നടത്തുക.