CONGRESS PROTEST| ആരോഗ്യമേഖലയോടുള്ള അവഗണന: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്; സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍

Jaihind News Bureau
Tuesday, July 1, 2025

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന(ജൂലൈ ഒന്ന്) രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍വഹിക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (എറണാകുളം), കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് (കൊല്ലം), യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് (പത്തനംതിട്ട), കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് (ആലപ്പുഴ), രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ഷാനിമോള്‍ ഉസ്മാന്‍ (ഇടുക്കി), ടി എന്‍ പ്രതാപന്‍ (തൃശൂര്‍), ടി സിദ്ധിഖ് (വയനാട)് ,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ (മലപ്പുറം),വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ (കോഴിക്കോട്), എം ലിജു (കാസര്‍ഗോഡ്) എന്നിവര്‍ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.