കേന്ദ്ര ബജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന, കടുത്ത നിരാശ; ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജും ഇല്ല

JAIHIND TV DUBAI BUREAU
Wednesday, February 1, 2023

ദുബായ്: ബജറ്റില്‍ പ്രവാസികളെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും തഴഞ്ഞുവെന്ന് പ്രവാസി സംഘടനകള്‍ ആരോപിച്ചു. പ്രവാസികള്‍ക്ക് ഉണര്‍വ് പകരുന്ന ഒരു പദ്ധതികളും ഇല്ലാത്ത ബജറ്റാണെന്നിതെന്ന് ഇവര്‍ പറഞ്ഞു. പ്രവാസികളെ പ്രത്യകിച്ച് പരാമര്‍ശിച്ചതായി കണ്ടില്ല. ഉയര്‍ന്ന വിമാന നികുതി കുറയ്ക്കുകയാണെങ്കില്‍ ഒരു പരിധിവരെ ടിക്കറ്റ് നിരക്ക് കുറയ്ക്കുവാന്‍ സാധിക്കും. കൂടാതെ സൗജന്യമായി മൃതശരീരം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ആവശ്യം കാലാകാലങ്ങളായി സംഘടനകള്‍ ഉന്നയിക്കുന്നതാണ്. ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജും പരാമര്‍ശിച്ചില്ലെന്നും സംഘടനകള്‍ ആരോപിച്ചു.

വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികള്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നത്. എന്നാല്‍ അവര്‍ക്ക് വേണ്ട ഒന്നും ബജറ്റില്‍ ഉണ്ടായില്ല. പ്രവാസികള്‍ക്കായി പുതിയ പുനരധിവാസ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ല. മാത്രമല്ല പ്രവാസി ക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെക്കാന്‍ പോലും തയാറാകാത്തത് ഏറെ നിരാശാജനകമാണെന്നും ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ ആരോപിച്ചു. കേന്ദ്ര ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതും പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്നും പ്രവാസികള്‍ ആരോപിച്ചു.

തൊഴില്‍ മേഖലയ്ക്ക് പ്രയോജനമെന്ന് എം.എ യൂസഫലി

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ഇന്ത്യ-ഗള്‍ഫ് ബിസിനസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വികസനത്തിനും തൊഴില്‍ മേഖലയ്ക്കും പ്രയോജനം ചെയ്യുമെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി പറഞ്ഞു. ഇതുവഴി രാജ്യത്തേയ്ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നും യൂസഫലി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുന്‍ഗണനാ മേഖലകളെയും പരിഗണിക്കാന്‍ ശ്രമിച്ച ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍കാസ് യുഎഇ

പ്രവാസി ഇന്ത്യക്കാരെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഗള്‍ഫിലെ ഇന്‍കാസ് – ഒഐസിസി കമ്മിറ്റികള്‍ ആരോപിച്ചു. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും തയാറാവാത്ത ദീര്‍ഘവീക്ഷണമില്ലാത്ത ബജറ്റാണെന്ന് ഇന്‍കാസ് യുഎഇ വൈസ് പ്രസിഡന്‍റ് എന്‍.പി രാമചന്ദ്രന്‍ പറഞ്ഞു

പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്

2023-2024 ബജറ്റ് പ്രസംഗത്തിലെ ചില പ്രധാന ഹൈലൈറ്റുകള്‍ ഇന്ത്യയിലെ ദുര്‍ബല വിഭാഗത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ഷംസുദ്ദീന്‍ പറഞ്ഞു. സ്ത്രീശാക്തീകരണം, വിനോദസഞ്ചാരത്തിനുള്ള ഒരു കര്‍മപദ്ധതി, ഹരിത വളര്‍ച്ച എന്നിവ ബജറ്റില്‍ പരാമര്‍ശിക്കുന്നതായും ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ കെ.വി ഷംസുദ്ദീന്‍ പറഞ്ഞു.

പ്രവാസി ഇന്ത്യ യുഎഇ

വെറും അഞ്ചു കോടി പ്രവാസി വനിതകള്‍ക്കായി നീക്കി വെച്ചതൊഴിച്ചാല്‍ പ്രവാസികളെ പാടെ അവഗണിച്ച ഒരു ബജറ്റാണ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പ്രവാസി ഇന്ത്യ യുഎഇ ഘടകം ആരോപിച്ചു. പ്രവാസികളുടെ ഉന്നമനത്തിനായുള്ള ഒരു പദ്ധതികളും ഉള്‍പ്പെടുത്തപ്പെടാതിരുന്നതും ഇത്തരത്തിലുള്ള നീതീകരണമില്ലാത്ത അവഗണന തുടരുന്നതും ഈ ഗവണ്‍മെന്‍റിന്‍റെ പ്രവാസികളോടുള്ള നിരുത്തരവാദപരമായ സമീപനം മൂലമാണെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ സുന്ദരാജ് പറഞ്ഞു.

ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി

പ്രവാസികളെ പാടെ അവഗണിക്കുകയും അവരുടെ സംഭാവനകള്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ചിരന്തന സാംസ്‌കാരിക വേദി

പ്രവാസികളായ സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതൊരു പദ്ധതിയും ഇല്ല. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും രാജ്യം മറികടക്കാനുള്ള ഒരു പദ്ധതിയും ബജറ്റില്‍ ഉണ്ടായില്ല. സബ് കാ ആസാദ്, സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ തൊഴിലാളി എന്ന ഒരു വാക്ക് പോലും ഇല്ലായിരുന്നു. പ്രവാസി എന്നാല്‍ സമ്പന്നര്‍ എന്നായി മാറിയിരിക്കുകയാണെന്നും പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു. അതേസമയം ഓരോ ഗ്രാമ പഞ്ചായത്തിലും ലൈബ്രറി തുടങ്ങുമെന്ന പ്രഖ്യാപനത്തെ അഭിനന്ദിക്കുന്നതായും പുന്നക്കന്‍ പറഞ്ഞു.