എൻഡോസൾഫാൻ ദുരിതബാധിതരോട് അവഗണന: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jaihind Webdesk
Saturday, June 4, 2022

 

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കിട്ടാതെ ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വലയുകയാണ്. കൊവിഡ് കാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും പതിന്മടങ്ങായിരിക്കെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന നാമമാത്രമായ പെന്‍ഷന്‍ പോലും നല്‍കിയിരുന്നില്ല. ഈ പാവങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണ്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ മകളെ കൊലപ്പെടുത്തി അമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം ഞെട്ടിക്കുന്നതും മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുന്നതുമാണ്. രോഗബാധിതരുടെ നിസഹായാവസ്ഥയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തര ശ്രദ്ധയും പരിഗണനയും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ പൂർണ്ണരൂപം:

കാസര്‍ഗോഡ് ജില്ലയിലെ Plantation corperation (PCK ) അധീനതയിലുള്ള 12000 ത്തോളം ഏക്കര്‍ കശുമാവിന്‍ തോട്ടത്തില്‍ 1978 മുതല്‍ 2000 വരെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഹെലിക്കോപ്റ്റര്‍ വഴി തുടര്‍ച്ചയായി തളിച്ചതിന്‍റെ ഫലമായി ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയ സമരങ്ങള്‍ക്ക് താങ്കളുടെ കൂടി പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ദേശീയമനുഷ്യവകാശ കമ്മീഷനും ബഹു. സുപ്രീം കോടതിയും ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കപ്പെട്ടില്ലെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

ICMR ന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് (NIOH) 2002-ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ POP ഇനത്തില്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേ, നിരവധി തലമുറകള്‍ക്ക് ജനിതക വൈകല്യം സൃഷ്ടിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

2017 ജനുവരി 10 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ‘To release entire undisbursed Payment of compensation, quantified as Rs 5 lakh each to all affected person within 3 months from today ‘എന്ന് അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ഈ വിധി സര്‍ക്കാര്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ 4 ദുരിത ബാധിതരുടെ അമ്മമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. Other catagory യില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സക്കും പെന്‍ഷനും അര്‍ഹതയുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. 2019 ജൂലൈ 3 ന് സുപ്രീം കോടതി ഈ വാദം തള്ളിക്കളയുകയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട, ചികിത്സയും പെന്‍ഷനും ലഭിക്കുന്നവര്‍ക്കും 2017 ജനുവരി 10 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും വിധിച്ചു. ഈ വിധി നടപ്പാക്കാത്തതിനെതിരെ 2022 മെയ് 16- ന് സുപ്രീം കോടതി വീണ്ടും ഇടപെടുകയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതും ശ്രദ്ധയില്‍പ്പെട്ട് കാണുമല്ലോ.

ഇപ്പോഴും ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കോടതി ഉത്തരവു പ്രകാരമുള്ള നഷ്ടപരിഹാരം കിട്ടാതെ വലയുകയാണ്. കോവിഡ് കാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും പതിന്മടങ്ങായിരിക്കെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നേരത്തേ ലഭിച്ചു കൊണ്ടിരുന്ന നാമമാത്രമായ പെന്‍ഷന്‍ പോലും നല്‍കിയിരുന്നില്ല. ഈ പാവങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണ്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ മകളെ കൊലപ്പെടുത്തി അമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതും മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുന്നതുമാണ്. രോഗബാധിതരുടെ നിസഹായാവസ്ഥയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങയുടേയും അടിയന്തര ശ്രദ്ധയും പരിഗണനയും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.