നീറ്റ് പരീക്ഷയില്‍ ‘കാര്യമായ ക്രമക്കേട്’ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Jaihind Webdesk
Thursday, July 11, 2024

 

ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയില്‍ ഗുരുതര ക്രമക്കേടില്ലെന്ന അവകാശവാദവുമായി കേന്ദ്രം. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. ഐഐടി മദ്രാസിലെ വിദഗ്ധർ നടത്തിയ വിശകലനത്തില്‍ പരീക്ഷയിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ ക്രമക്കേടുണ്ടായെന്ന് നേരത്തെ കേന്ദ്രസർക്കാർ തന്നെ തുറന്നുസമ്മതിച്ചിരുന്നു.

ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയില്‍ ക്രമക്കേട്‌ കണ്ടെത്തിയെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നാണ് കേന്ദ്രത്തിന്‍റെ മലക്കംമറിച്ചില്‍. രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവം മോദി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നീറ്റിന്‍റെ വിശുദ്ധി ചോദ്യം ചെയ്യപ്പെട്ടതായി സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്ത് സംശയാസ്പദമായ കേസുകൾ തിരിച്ചറിയാൻ ഡാറ്റാ വിശകലനം ഉപയോഗിക്കുന്നത് സാധ്യമാണോ എന്ന് പരിശോധിക്കാൻ ജൂലൈ 8 ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കാൻ ഐഐടി മദ്രാസിനോട് സർക്കാർ ആവശ്യപ്പെട്ടു. എന്നാല്‍ കാര്യമായ ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

മേയ് അഞ്ചിനുനടന്ന പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രഖ്യാപിച്ചത്. 67 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും (720/720) നേടി ഒന്നാം റാങ്കിൽ എത്തിയതോടെയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളടക്കം രംഗത്തെത്തിയത്. ഹരിയാനയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ ആറുപേർക്കായിരുന്നു ഒന്നാം റാങ്ക്. ഇതിനുപിന്നാലെ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും വിവാദമായി. തുടർന്ന് ഗ്രേസ് മാർക്ക് നൽകിയവർക്ക് എൻടിഎ ജൂൺ 23-ന് പുനഃപരീക്ഷയും പ്രഖ്യാപിച്ചു. മോദി സർക്കാർ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകള്‍ തകർത്തെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതിനിടെ പുനഃപരീക്ഷ നടത്താന്‍ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.