നീറ്റ് ചോദ്യപേപ്പർ ചോർച്ച; ബിഹാറില്‍ നിന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്ത് സിബിഐ

Jaihind Webdesk
Thursday, June 27, 2024

 

ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്. ചോദ്യപേപ്പർ കിട്ടാനായി പണം നൽകിയ വിദ്യാർത്ഥികളെ മനീഷ് കുമാർ തന്‍റെ കാറിൽ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിലെത്തിച്ചെന്നും അവിടെവെച്ചാണ് ഇവർക്ക് ചോദ്യപേപ്പർ ലഭിച്ചതെന്നും സിബിഐ പറയുന്നു. വിദ്യാർത്ഥികള്‍ക്ക് പഠിക്കാനായി സ്വന്തം വീട് വിട്ടുനൽകിയെന്നാണ് അറസ്റ്റിലായ അശുതോഷിന്‍റെ പേരിലുള്ള കുറ്റം.

ഇന്ന് ചോദ്യംചെയ്യാനായി വിളിപ്പിച്ച ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് പ്രഥമവിവര റിപ്പോർട്ടുകളാണ് സിബിഐ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ബിഹാർ, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഡല്‍ഹി പോലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പരീക്ഷയുടെ തലേദിവസം തനിക്ക് ചോദ്യപേപ്പർ ലഭിച്ചു എന്ന് വെളിപ്പെടുത്തിയ ആളും ഇതില്‍ ഉള്‍പ്പെടുന്നു.

24 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ദേശീയ പരീക്ഷാ ഏജൻസി (NTA)  മേയ് 5-ന് നടത്തിയ നീറ്റ്-യുജി പരീക്ഷ എഴുതിയത്. പറഞ്ഞതിനും പത്തു ദിവസം മുമ്പുതന്നെ ജൂണ്‍ നാലിന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്നാല്‍ 1500 വിദ്യാർത്ഥികള്‍ ചോദ്യപേപ്പർ ചോർച്ചയിലും ഗ്രേസ് മാർക്ക് വിവാദത്തിലും ഉള്‍പ്പെട്ടു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയർന്നു. വിഷയത്തില്‍ കേന്ദ്രസർക്കാർ മൗനം തുടർന്നതോടെ പ്രതിഷേധം കടുത്തു. കേന്ദ്രം 24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവർ കുറ്റപ്പെടുത്തി. ഒടുവില്‍ ഗത്യന്തരം ഇല്ലാതെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം ദേശീയ പരീക്ഷാ ഏജൻസിക്കെതിരെയും കേന്ദ്രത്തിന്‍റെ വീഴ്ചയ്ക്കെതിരെയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി ജന്തർ മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാർജില്‍ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉള്‍പ്പെടെ നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു.