നീറ്റ് ക്രമക്കേട്: മോദിയുടെ മൗനം അഴിമതി മറച്ചുവെക്കാനെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാര്‍ഗെ

Jaihind Webdesk
Friday, June 14, 2024

 

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രിയുടെ മൗനം അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ​സർക്കാർ പറയുമ്പോഴും എന്തിനാണ് ബീഹാറിൽ 13 പ്രതികളെ അറസ്റ്റ് ചെയ്തത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകിയാണ് പലരും മാഫിയയിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കിയത് വൻ അഴിമതിയിലേക്കാണ് ചൂണ്ടിക്കാട്ടുന്ന​ത്. അതേസമയം ഗുജറാത്തിലെ ഗോധ്രയിലും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എന്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതതെന്നും ഖാർഗെ ചോദിച്ചു.

രാജ്യത്തെ ജനങ്ങളെ വിഡ്ഢി കളാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. 24 ലക്ഷം യുവാക്കളുടെ സ്വപ്നമാണ് മോദി സർക്കാർ തകർത്തത്. എൻടിഎ ദുരു​പയോഗം ചെയ്ത മോദി സർക്കാർ ഗ്രേസ് മാർക്ക് അടക്കം നൽകി മാർക്കുകളിലും റാങ്കുകളിലും വൻതോതിൽ കൃത്രിമം നടത്തി. ഇതുമൂലം സംവരണ സീറ്റുകളുടെ കട്ട് ഓഫും വർധിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസമിതിക്ക് മാത്രമേ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാകൂ എന്നും ഖാർഗെ പറഞ്ഞു.