ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ഗ്രേസ് മാര്‍ക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നവരുടെ ഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതി. ഇവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 23നാകും പരീക്ഷ നടക്കുക. അതേസമയം പ്രവേശന നടപടികള്‍ തുടരണമെന്നും കൗണ്‍സിലിംഗ് തടയാനാവില്ലെന്നും വ്യക്തമാക്കിയ കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് (എന്‍ടിഎ) വിശദീകരണം തേടിയതായും പറഞ്ഞു. ക്രമക്കേട് ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാർത്ഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ‘ഫിസിക്സ് വാല’ സിഇഒ അലഖ് പാണ്ഡെയുടെയും ഗ്രേസ് മാർക്ക് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർത്ഥികളുടെയും ഹർജികളാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്.
മേയ് അഞ്ചിന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി രാജ്യത്ത് നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്നും ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടെന്നുമാണ് വിമർശനം. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇത്രയധികം പേർ ഒന്നാം റാങ്ക് നേടുന്നത് ആദ്യമാണ്. താഴെയുള്ള റാങ്കുകളിലും ഏറെ പേരുണ്ട്. ഹരിയാനയിലെ ഒരു സെന്‍ററില്‍ നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കും ലഭിച്ചതോടെ ഹരിയാനയിലെ ഫരീദാബാദിലെ സെന്‍ററില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവാദം ഉയർന്നതോടെ 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്ന് എന്‍ടിഎ (നാഷനൽ ടെസ്റ്റിംഗ് ഏജൻസി) ചെയര്‍മാന്‍ സുബോദ് കുമാര്‍ സിംഗ് വിശദീകരിച്ചു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെ വന്നവര്‍ക്ക് സുപ്രീം കോടതിയുടെ നേരത്തെയുള്ള നിര്‍ദ്ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കുകയായിരുന്നുവെന്നും ഇതാണ് ഒന്നാം റാങ്കിന്‍റെ എണ്ണം കൂടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതികൾ പരിശോധിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുകയാണ്.