ദോഹ ഡയമണ്ട് ലീഗില്‍ ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിന്‍  ത്രോയില്‍ ആദ്യമായി 90 മീറ്റര്‍ മറികടന്നു

Jaihind News Bureau
Saturday, May 17, 2025

ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ മറികടന്നിരിക്കുകയാണ് താരം. നീരജ് ആദ്യമായാണ് 90 മീറ്റര്‍ മറികടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്.

മൂന്നാം ശ്രമത്തിലാണ് നീരജ് 90.23 എന്ന സ്വപ്ന ദൂരം താണ്ടിയത്. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമനും ലോകത്തെ ഇരുപത്തഞ്ചാമനുമായിരിക്കുകയാണ് നീരജ് ചോപ്ര. പാകിസ്താന്റെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ അര്‍ഷദ് നദീമും (92.97 മീറ്റര്‍) ചൈനീസ് തായ്പെയുടെ ചാഒ സുന്‍ ചെങ്ങുമാണ് (91.36 മീറ്റര്‍) ഏഷ്യയില്‍ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നീരജിന്റെ 90.23 മീറ്റര്‍ ദൂരം മറികടന്ന് ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടി ഒന്നാമതെത്തി.