കെവിന്‍ കൊലക്കേസ് : നീനുവിന്‍റെ വിസ്താരം തുടരുന്നു; ദുരഭിമാന കൊലയെന്നും ഉത്തരവാദി അച്ഛനും സഹോദരനുമെന്നും നീനു

Jaihind Webdesk
Thursday, May 2, 2019

കോട്ടയത്തെ ദുരഭിമാന കൊലയിൽ കെവിന്‍റെ ഭാര്യ നീനുവിന്‍റെ വിസ്താരം തുടരുന്നു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കോടതിയിൽ ആവർത്തിച്ച് നീനു. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു.കെവിൻ താഴ്ന്ന ജാതിയാണെന്നും കെവിനെ വിവാഹം ചെയ്താൽ അഭിമാനം പോകുമെന്നും ചാക്കോ പറഞ്ഞതായും നീനു വ്യക്തമാക്കി.ഗാന്ധി നഗർ സ്റ്റേഷനിലെ എസ്‌ഐ കെവിനെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് നീനു കോടതിയിൽ. പോലീസ് സ്റ്റേഷനിൽ നിന്ന് പിതാവ് ചാക്കോ തന്നെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെന്നും നീനു കോടതിയിൽ പറഞ്ഞു.

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്‍റെ വിസ്താരം നടക്കുന്നത്. തന്‍റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊന്നതെന്നു നീനു കോടതിയിൽ പറഞ്ഞു. കെവിനെ വിവാഹം കഴിച്ചാൽ അഭിമാനക്ഷതമുണ്ടാകുമെന്നു അവർ കരുതിയതായും നീനു കോടതിയെ അറിയിച്ചു.  കെവിന്‍റെ ജാതിയായിരുന്നു അവരുടെ പ്രശ്‌നമെന്നും നീനു പറഞ്ഞു. കെവിന്‍റെ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ സംരക്ഷിക്കുമെന്നും നീനു വ്യക്തമാക്കി.

കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവും ഭീഷണിപ്പെടുത്തി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ ബലമായി കൊണ്ടു പോകാൻ ശ്രമിച്ചു. ഗാന്ധിനഗർ സ്റ്റേഷനിൽ എസ്ഐ കെവിന്‍റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു കോടതിയെ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു കെവിന്‍റെ ഭാര്യയായ നീനു.